പ്രഭുക്കന്മാരുടെ ദുർനടപടികളെ മറച്ചുവെച്ച് അവർക്കില്ലാത്ത ഗുണങ്ങൾ ഉള്ളതായി വർണ്ണിച്ച് സ്തുതിച്ച് കവിതയെ വ്യഭിചരിപ്പിച്ചു തുടങ്ങിയതിനാലും, ജനങ്ങൾ പൊതുകാര്യങ്ങളിൽ ഗുണദോഷങ്ങൾ പറഞ്ഞു കേൾപ്പാൻ ഈ വിദ്വാന്മാരെ ആലംബിക്കാതായിത്തുടങ്ങി. ഈ അവസ്ഥയിൽ, ഇംഗ്ലീഷുവിദ്യാഭ്യാസപ്രചാരത്തിലുണ്ടായ പാശ്ചാത്യ പരിഷ്കാരത്തിന്റെ അനുഗാമിയായ വൃത്താന്തപത്രമെന്ന മാർഗ്ഗം, ജനങ്ങൾക്കു ഗുണദോഷപ്രഖ്യാപനത്തിനു പ്രലോഭകമായിത്തീർന്നിരിക്കാൻ സംഗതിയുണ്ട്. അതെങ്ങിനെയായിരുന്നാലും, ഈ ഉത്സാഹത്തിൽ, പത്രപ്രവർത്തനത്തൊഴിലിലെ സാഹിത്യസംബന്ധമായ ഭാഗം മാത്രം ഏറെക്കുറെ ഇംഗ്ലീഷു പത്രരീതിയെ അനുസരിക്കയും; ശ്രദ്ധവെയ്ക്കപ്പെടാത്ത മറ്റു ഭാഗങ്ങളിൽ മിക്കവാറും അപജയം നേരിടുകയും ചെയ്തു. ഇതാണ് മലയാള പത്രങ്ങളുടെ നില.
പുര പണിവാൻ വരുന്ന തച്ചപ്പണിക്കൻമാർ തച്ചുശാസ്ത്രം പഠിച്ചു പണി ശീലിച്ചവർ ആയിരിക്കേണമെന്നും രോഗിയെ ചികിൽസിപ്പാൻ വരുന്ന വൈദ്യൻ ശാരീരം, നിദാനം ഇത്യാദി പഠിച്ചു നിശ്ചയം വരുത്തിയവനായിരിക്കണമെന്നും നിർബ്ബന്ധം ചെയ്തിരിക്കുമ്പോൾ, പത്രപ്രവർത്തനത്തൊഴിൽ ശീലിച്ചിട്ടില്ലാത്തവർ എങ്ങിനെയാണ് മലയാളപത്രങ്ങൾ നടത്തുവാൻ തുനിഞ്ഞത് ? ഒരു തൊഴിലിൽ പ്രവേശിക്കുന്നവന് അതിലേക്കാവശ്യമായ ശാസ്ത്രജ്ഞാനവും പരിശീലനവും സിദ്ധിച്ചിരിക്കേണമെന്ന് സാമാന്യനിയമം പത്രപ്രവർത്തനത്തൊഴിലിനെ സംബന്ധിക്കയില്ലയോ? വാസ്തവം ഇതാണ്; പത്രപ്രവർത്തനത്തൊഴിൽ, പ്രത്യേകമായ പഠിപ്പോ, അറിവോ ഇല്ലാതെതന്നേ, ആർക്കും സ്വച്ഛന്ദമായി കടന്നുകൂടാവുന്ന ചുരുക്കം ചില തൊഴിലുകളിൽ ഒന്നാകുന്നു. അതിലേയ്ക്കു കടത്തിവിടുവാൻ മനസ്സുള്ള ഒരു 'യജമാനൻ' ഉണ്ടായിരുന്നാൽ ആർക്കും കടന്നുചെല്ലാം. ഈ സ്വാച്ഛന്ദ്യത്തിന്റെ ഫലമായി, ലോകത്തിൽ ഇപ്പോൾ അനേകലക്ഷം ആളുകൾ വർത്തമാനപത്രനടത്തിപ്പിൽ പണിയെടുക്കുന്നുണ്ട്. ഗ്രേറ്റ് ബ്രിട്ടനും അയർലാണ്ടും കൂടിയ ബ്രിട്ടീഷു മഹാരാജ്യത്തിനുള്ളിൽത്തന്നേ, വർത്തമാനപത്രത്തൊഴിലിൽ ഏർപ്പെട്ടു നിത്യവൃത്തി കഴിക്കുന്നവരായി പതിനായിരത്തിൽ