താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/103

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ആപത്‌സംഭവത്തെയോ, ഉത്സവാഘോഷത്തെയോ വർണ്ണിച്ചു ലേഖനമെഴുതാൻ ഉദ്യമിച്ചിക്കുന്ന പത്രക്കാരനും, ആദ്യമായി, തനിക്ക് രംഗം മുഴുവൻ നല്ല ചമല്കാരകാരകമായി തോന്നിക്കാവുന്ന നിലയിൽനിന്ന് നടന്ന സംഗതികളെ യഥാക്രമം കുറിച്ചുങ്കൊണ്ട്, ഇവയെ വായനക്കാർക്കു ആകർഷകമായി വരുംവിധത്തിൽ വർണ്ണനം ചെയ്യുന്നതിനു തക്ക വാഗ്വിലാസത്തെ പ്രയോഗിക്കുന്നു. എന്നാൽ, പത്രക്കാരൊക്കെ എപ്പോഴും നിർദ്ദോഷമായ ഭാഷ എഴുതുന്നവരല്ല; ചിലർമാത്രം ഭാഷാശുദ്ധിയെയും പദങ്ങളുടെ ശബ്ദാർത്ഥവിഷയമായ ഭംഗിയേയും നോക്കി ബഹുചമൽകാരമായി എഴുതുന്നു. മറ്റുള്ളവർ ഗദ്യരചനയിൽ നിപുണന്മാരല്ലാതെ, വല്ല പദങ്ങളും വല്ല പ്രകാരവും കൂട്ടിപ്പിടിപ്പിച്ച്, ലേഖനമെഴുതി, വായനക്കാർക്കു അരോചകം തോന്നിക്കയും, 'പത്രഭാഷ' എന്നൊരു പരിഹാസ വചനത്തിന് സംഗതിയാക്കുകയും ചെയ്യുന്നു. 'പത്രഭാഷ' എന്നു വിദ്വാന്മാർ പരിഹസിക്കുമ്പോൾ 'പത്രക്കാരൻ' പരിഭവപ്പെടേണ്ട ന്യായമില്ല. വാസ്തവത്തിൽ, എത്രയോ ലേഖനങ്ങൾ, ഒരുവക നപുംസകഭാഷയിലെഴുതി, പത്രപംക്തികൾ നിറച്ച് വായനക്കാർക്കു, ഭാഷാദൂഷണത്താൽ മനശ്ശല്യമുണ്ടാക്കുന്ന പത്രക്കാർ ഉണ്ട്. അവർക്കു പദങ്ങളുടെ അർത്ഥനിർണ്ണയമോ, രൂപനിർണ്ണയമോ; പദാവലികളുടെ ഭംഗിയോ അഭംഗിയോ; പദപ്രയോഗങ്ങളുടെ ഔചിത്യം സംബന്ധിച്ച അറിവോ, ഇല്ല. ചിലപ്പോൾ, ലേഖകന്റെ അജ്ഞതകൊണ്ടും, ചിലപ്പോൾ ലേഖകന്റെ ശബ്ദഭണ്ഡാഗാരം തീരെ അല്പിഷ്ഠമായിരിക്കകൊണ്ടും, അവൻ വല്ലെടത്തും കണ്ടിട്ടുള്ള പദങ്ങളോ വാചകങ്ങളോ ഔചിത്യം കൂടാതെ എഴുതിപ്പോകാറുണ്ട്. നടപ്പുള്ള ഒരു ചെറിയ പദംകൊണ്ടു അർത്ഥം വരുത്താവുന്നെടത്ത് പ്രചാരപ്പെടാത്ത വലിയ പദം എഴുതിയും; സുശബ്ദങ്ങൾ ഇരിക്കെ ഗ്രാമ്യപദങ്ങൾ പ്രയോഗിച്ചും; ഒരർത്ഥത്തെ പര്യായപദങ്ങളാൽ ആവർത്തിക്കാവുന്നെടത്ത് അങ്ങനെചെയ്ത് ശബ്ദവൈചിത്ര്യം വരുത്താതെ ഒരേ പദം വീണ്ടുംവീണ്ടും എഴുതിയും; ചിലപ്പോൾ പുനരുക്തം ചെയ്തും പലപ്രകാരത്തിൽ ഉപന്യാസം വഷളാക്കുമാറുണ്ട്. ചിലർ പ്രാസംചെയ്തു ഗദ്യമെഴുതുന്നതാണ് രസകരമെന്ന് വിചാരിക്കുന്നു. ഒരു അഗ്നിബാധയെ വർണ്ണിപ്പാൻ, "കാലാഗ്നിയുമല്ലിതു; കാലാരിയുടെ