താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/104

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫാലാഗ്നിയുമല്ലിതു, മൂലാഗ്നിയുമല്ലിതു........." ഇത്യാദി പ്രാസപ്രയുക്‌തഗദ്യം ഒരു കാലത്തു മലയാള പത്രങ്ങളിൽ കണ്ടിരുന്നു. ഇങ്ങനെയൊക്കെ ലേഖനങ്ങളിൽ 'ഭാഷാഗോഷ്‌ടികൾ' കാണിക്കുന്നത് മിക്കവാറും കുട്ടിത്തരം ലേഖകന്‌മാരാണ്; ചിലപ്പോൾ, ഒരുവക 'ഭ്രമം' മുഴുത്തിട്ടുള്ള പഴയ ലേഖകന്‌മാർകൂടി തങ്ങളുടെ ചാട്ടവും മറിച്ചിലും ഞാണിന്‌മേൽ ദണ്‌ഡിപ്പും പദങ്ങൾകൊണ്ടു തന്നെ പ്രദർശിപ്പിക്കുന്നുണ്ടായിരിക്കും. ഇവയെല്ലാം തടഞ്ഞുകളയാൻ പത്രാധിപന്‌മാർക്കു ക്ലേശം അല്‌പമല്ല; ചിലർ ഇതുകളെ എഴുതിവന്നപ്രകാരത്തിൽതന്നെ പത്രത്തിൽ കടത്തിവിടുന്നതിനാലാണു 'പത്രഭാഷ' എന്ന അപവാദം ഉണ്ടാകുന്നത്. ഇങ്ങനെ പത്രങ്ങളിൽ കാണാറുള്ള ഭാഷാദോഷങ്ങളെയൊക്കെ എടുത്ത് ഉദാഹരിക്കാൻ സൗകര്യമില്ലാ. അവയെ വായനക്കാർ കണ്ടറിഞ്ഞുകൊള്ളുമെന്നു വിശ്വസിക്കുന്നു. അനവീകൃതം, പുനരുക്‌തം, ച്യുതസംസ്‌ക്കാരം, ദുഷ്‌പ്രതീതി, ഭഗ്‌നപ്രക്രമം, വിരുദ്‌ധമതികൃത്ത്; എന്നിങ്ങനെ പലേ സാഹിത്യദോഷങ്ങൾ ലേഖകന്‌മാർ മനസ്‌സിലാക്കിയിരിക്കേണ്ടതാണ്. ഇതിന്ന് എ. ആർ. രാജരാജവർമ്മ എം. എ. അവർകളുടെ "ഭാഷാഭൂഷണം" എന്ന സാഹിത്യശാസ്‌ത്രഗ്രന്‌ഥം ഏറെ ഉപകാരപ്പെടുന്നതാണ്. പദസമ്പത്ത് ചുരുങ്ങിയവർ, ഭാഷാനിഘണ്ടുവിലെ പദങ്ങൾ ഉറ്റു പഠിക്കുന്നതുകൊണ്ടു ഗുണമുണ്ടാകും; അതോടുകൂടി നല്ല ഗ്രന്‌ഥകാരന്മാരുടെ കൃതികൾ പരിചയിക്കണം. ഗദ്യഗ്രന്‌ഥങ്ങളിൽ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്‌സുകൊണ്ടു തിരുവിതാംകൂർ സർക്കാർ പാഠപുസ്‌തകസംഘാധ്യക്ഷനായിരുന്ന് എഴുതീട്ടുള്ള 'അക്‌ബർ', 'ലോകത്തിന്റെ ശൈശവാവസ്‌ഥ', 'വിജ്‌ഞാനമജ്‌ജരി', 'ധനതത്ത്വനിരൂപണം', 'മൂന്നാം പാഠപുസ്‌തകം', 'ഇന്ത്യാചരിത്രം', 'ഇംഗ്ലണ്ടുചരിത്രം', 'തിരുവിതാംകൂർ ചരിത്രം', 'മഹച്ചരിതസംഗ്രഹം', ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ', 'ശാരദ', ടി. എം. അപ്പുനെടുങ്ങാടിയവർകളുടെ 'പ്രാചീനാര്യാവർത്തം', 'ചന്ദ്രഹാസൻ'; വേങ്ങയിൽ കുഞ്ഞുരാമൻ നയനാരവർകളുടെ 'കേസരി' ലേഖനങ്ങൾ; മുതലായ പലേ പുസ്തകങ്ങൾ മലയാളത്തിലുണ്ട്; സ്‌ഥലകാലവർണ്ണനകൾ പ്രശസ്‌തമായവിധം അടങ്ങീട്ടുള്ള ചില മലയാള നവ്യ