താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/105

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഗദ്യകാവ്യങ്ങൾ ഉള്ളവ വായിക്കുന്നതുകൊണ്ട്, ലേഖകന്റെ വിഭാവനാശക്തിയെ പോഷിപ്പിക്കാൻ കഴിയും. ഇവയ്ക്കും പുറമെ, ഭാഷയിൽ നടത്തുന്ന പത്രങ്ങളിലും പത്രഗ്രന്ഥങ്ങളിലും വെച്ചു വാചകശുദ്ധി പദഭംഗി മറ്റു സാഹിത്യഗുണങ്ങൾ ഇവയിൽ പ്രത്യേകം ശ്രദ്ധവെച്ചിട്ടുള്ളവ മാത്രം നിയമേന വായിക്കുകയും വേണം. നല്ല ഗദ്യമെഴുത്തുകാരുടെ ലേഖനങ്ങളോ മറ്റു കൃതികളോ വായിക്കുന്നതിനാലുണ്ടാവുന്ന ഗുണം ചെറുതല്ല; 'വാഗ്ദേവീ സ്വയം വശ്യ' ആകാതെ ആ ദേവിയെ ബലാൽകാരേണ പിടിച്ചുവലിച്ചിഴച്ചുകൊണ്ടുവന്ന് ക്ലേശിപ്പിക്കുന്നവരുടെ ഗദ്യം ഒരിക്കലും വായിക്കരുത്. ഇവർക്കു, പക്ഷേ, സ്വീയപ്രാഭവം കൊണ്ട് പ്രമാണികൾ ചിലർ കീർത്തിവെച്ചുകെട്ടിയിരുന്നാലും, ഇവരെ ഗണ്യകോടിയിൽ ചേർക്കരുത്; സ്വതഃസിദ്ധമായ സാഹിത്യവാസനയുള്ളവർ കീർത്തിക്കായി ഇരകോർത്ത് ബളിശം എറിഞ്ഞിരിക്കയില്ലെങ്കിലും അവരുടെ കൃതികൾ അന്വേഷിച്ചു പിടിച്ചു പരിചയപ്പെടണം. ഇത്തരത്തിൽ നല്ല ഗ്രന്ഥകർത്താക്കന്മാരുടെയും, ഗദ്യലേഖനകർത്താക്കന്മാരുടെയും കൃതികൾ വായിക്കുമ്പോൾ, സരസമായോ ഫലിതമായോ അവസരോചിതമായോ തോന്നുന്ന പദങ്ങൾ, വാചകങ്ങൾ, ചതുരോക്തികൾ മുതലായവ പ്രത്യേകം കുറിച്ചെടുത്തുവെച്ച് പഠിക്കുന്നതുകൊണ്ടും ഗുണമുണ്ടാകും. പദശുദ്ധി, ശബ്ദഭംഗി, വാചകപുഷ്ടി, ഗാംഭീര്യം ഇത്യാദി ഗുണങ്ങൾക്ക് കേരളവർമ്മാവലിയകോയിത്തമ്പുരാൻ തിരുമനസ്സിലേയും ഊർജ്ജസ്വലത, പ്രൗഢി, പ്രസാദം ഇവക്ക് സി. അച്ചുതമേനോൻ അവർകളുടെയും, മാധുര്യത്തിനും ചന്തുമേനോൻ, കുഞ്ഞിരാമൻ നായനാർ എന്നിത്തരക്കാരുടേയും ഗദ്യപ്രബന്ധങ്ങളേയും, വർണ്ണനാചാതുര്യം മനസ്സിലാക്കാൻ 'മാർത്താണ്ഡവർമ്മ', 'ഇന്ദുലേഖ', 'കുന്ദലത', 'പാറപ്പുറം', 'ദുർഗ്ഗേശനന്ദിനി', 'ഉദയഭാനു', ഇത്യാദി നവ്യകഥാഗ്രന്ഥങ്ങളെയും വായിക്കുന്നതു ഉത്തമമാകുന്നു. വ്യാകരണജ്ഞാനം ലഭിപ്പാൻ എ. ആർ. രാജരാജവർമ്മാ അവർകളുടെ 'കേരളപാണിനീയം' തുടങ്ങിയ വ്യാകരണഗ്രന്ഥങ്ങളും; സാഹിത്യരചനാതത്ത്വങ്ങൾക്ക് ഇദ്ദേഹത്തിന്റെ 'സാഹിത്യസാഹ്യ'വും വായിച്ചിരിക്കേണ്ടതാകുന്നു.