താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/106

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എന്നാൽ, മേല്പറഞ്ഞ ഗ്രന്ഥങ്ങൾ വായിക്കുന്നത് രചനാരീതി അല്ലെങ്കിൽ ഭാഷാസരണി സമ്പാദിപ്പാനായിരിക്കരുതെന്നു പ്രത്യേകം ഉപദേശിക്കേണ്ടിയിരിക്കുന്നു. വിഖ്യാതന്മാരായ സാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങൾ വായിച്ച് അവരുടെ ഭാഷാസരണിയെ പകർത്തെടുക്കാം എന്നു വിചാരിക്കുന്നവർ ചിലരുണ്ട്; ഈ വിചാരം തീരെ അസംബന്ധം എന്നാണ് എനിക്ക് പറവാനുള്ളത്. ഒരുവന്റെ ഭാഷാസരണിയെ അനുകരിക്കാൻ മറ്റൊരുവനു കഴിയാത്ത വിധത്തിൽ, ഭാഷാസരണി എന്നത് അതാതാളുകൾക്ക് സ്വഭാവജന്യമായിട്ടുള്ളതാകുന്നു എന്നു നാം ഓർമ്മവെയ്ക്കണം. ഒരുവന്റെ അനുഭവങ്ങളേയും പരിചയങ്ങളേയും അവന്റെ മനോഗതിക്കനുസരിച്ചിട്ടാകുന്നു ഭാഷാരൂപമായി പ്രകാശിപ്പിക്കുന്നത്; അതേപ്രകാരത്തിലുള്ള മനോഗതി ഉണ്ടാകുവാൻ, മറ്റൊരുവൻ, അതേപ്രകാരത്തിലുള്ള അനുഭവങ്ങളേയും പരിചയങ്ങളേയും അതേ അവസ്ഥയിൽ പ്രാപിക്കുന്നവനായിരിക്കണം. ഇതു സാദ്ധ്യമല്ല തന്നെ. പ്രഖ്യാതന്മാരായ ഗ്രന്ഥകർത്താക്കന്മാരൊക്കെ അവരവരുടെ പ്രകൃതിദത്തമായ മനോഗതി രീതിയനുസരിച്ചാകുന്നു അവരവർക്കു പ്രത്യേകമായുള്ള ഭാഷാസരണികളിൽ എഴുതീട്ടുള്ളത്. ഈ ഭാഷാസരണി എന്നാലെന്താണ്? ഇതിലെന്താണടങ്ങിയിരിക്കുന്നതെന്നു നോക്കി നിർണ്ണയപ്പെടുത്തി പറവാൻ സാധിക്കാത്ത വിധത്തിൽ, ഇത്, ക്ഷണപ്രഭാചഞ്ചലവും അവിഭാവ്യമാനവും ആയ എന്തോ ഒന്നാകുന്നു, എന്നല്ലാതെ ഇതിനെ നിർവചിപ്പാൻ പ്രയാസമാകുന്നു. ഉപന്യാസകർത്താവിന്റെ വിഭാവനശക്തിയേയും രസജ്ഞതയേയും കൂട്ടിച്ചേർത്ത് സഹൃദയഹൃദയാഹ്ലാദകമാംവണ്ണം വാക്കുകളെ ഉപയോഗിച്ച് വാക്യങ്ങൾ രചിക്കുന്ന രീതിയാണിതെന്നു പറഞ്ഞാൽ ഭാഷാസരണിയുടെ ഒരു സ്ഥൂലമായ ജ്ഞാനം കിട്ടി എന്നു വരാം. ഇതു വിലയേറിയ ഒരുവരം ആണെന്നു വിചാരിക്കണം; പഠിപ്പുകൊണ്ടോ പരിശീലനം കൊണ്ടോ ലഭിക്കാവുന്ന വരമല്ല; കേവലം പ്രകൃതിദത്തമാണ്.

വിശിഷ്ടന്മാരായ സാഹിത്യകാരന്മാരുടെ കൃതികൾ വായിക്കേണ്ടത്, ഭാഷാസരണിയെ പകർത്തെടുക്കേണ്ടതിനായിട്ടല്ല; അതിന്നു സാധിക്കയില്ല. പിന്നെയോ? അവർ ഓരോരോ ആശയങ്ങളെ എങ്ങനെയാണ് വാക്കുകൾകൊണ്ടു