താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/107

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചമയിച്ചു ബഹുജനങ്ങളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നതെന്നു ഗ്രഹിപ്പാനായിട്ടുവേണം. ഇതിലേയ്ക്കു പ്രത്യേകം ശ്രദ്ധയും അഭിരുചിയും ഉണ്ടായിരിക്കണം. പഴമപരിചയംകൊണ്ട് ഒരാൾക്ക് ഭാഷാസരണിയെ പരിഷ്കരിക്കാമെന്നല്ലാതെ തനിക്കില്ലാത്ത ഒരു രീതിയെ പകർത്തെടുക്കാൻ സാധിക്കയില്ല. പകർത്തെടുക്കാൻ തുനിഞ്ഞാൽ ഉണ്ടാവുന്ന ഫലം, 'കാകൻ അന്നനട' ശീലിച്ചതിന്നൊപ്പം ചിലർ പത്രങ്ങളിൽ എഴുതിക്കൂട്ടാറുള്ളമാതിരി ബീഭൽസങ്ങളായ വാചകങ്ങളായിരിക്കും. തനിക്കു ഒരു പ്രത്യേകാത്മാവുണ്ടെന്നും, തന്റെ പ്രത്യേകത്വം പ്രബലപ്പെടുത്തി കാണിപ്പാൻ തനിക്കും കഴിയുമെന്നും ഉള്ള വിചാരത്തോടു കൂടി ആത്മസ്ഥൈര്യപൂർവ്വം പരിശ്രമിച്ചാൽ, സ്വന്തമായ ഒരു ഭാഷാസരണി തനിക്കുണ്ടായിക്കൊള്ളും; അതു മറ്റാർക്കും അനുകരിപ്പാൻ സാധിക്കയുമില്ല. എന്റെ അനുഭവംകൊണ്ടു പറവാൻ എനിക്ക് അവകാശമുള്ളതിന്നൊപ്പം ഉപദേശിപ്പാൻ അധികാരം കൂടെ ഉണ്ടായിരുന്നാൽ, ഞാൻ ഇപ്രകാരം പറയുമായിരുന്നു: വിഖ്യാതന്മാരായ സാഹിത്യകാരന്മാരുടെ കൃതികളെ വായിക്കുക; എന്നാൽ അത് അവരുടെ ഭാഷാസരണിയെ കൈവശപ്പെടുത്താമെന്ന ഉദ്ദേശത്തോടുകൂടെയരുത്. ഞാൻ ഏതെങ്കിലുമൊരു വാചകം മലയാളപത്രത്തിൽ ആദ്യമായി എഴുതീട്ട് ഒരു പതിനഞ്ചുകൊല്ലം വരും; അക്കാലത്ത് എഴുതീട്ടുള്ള ലേഖനങ്ങൾ നോക്കിയാൽ, ഇപ്പോൾ എനിക്കുതന്നെയും അവയുടെ കർത്തൃത്വത്തെപ്പറ്റി സന്ദേഹം ഉണ്ടായേക്കും. ഈ പതിനഞ്ചു കൊല്ലത്തിനുള്ളിൽ, ഒരു ഭാഷാസരണി കൈവശപ്പെടുത്തുവാൻവേണ്ടി ഞാൻ യാതൊരു വിശേഷ പരിശ്രമവും ചെയ്തിട്ടില്ല; മലയാള ഭാഷയിലെ മിക്ക ഗ്രന്ഥങ്ങളും ശ്രദ്ധവെച്ചു വായിച്ചിട്ടുമില്ല. ശബ്ദങ്ങളുടെ ശുദ്ധാശുദ്ധതയെപ്പറ്റി നിർണ്ണയം വരുത്തിക്കൊൾവാൻ വേണ്ടി, ശബ്ദാഗമബോധമുള്ള പണ്ഡിതന്മാരുടെ കൃതികൾ വായിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ഭാഷാസരണിയെ സ്വീകരിപ്പാൻ കരുതിയിരുന്നിട്ടില്ലതാനും. ഇതേവിധം അനുഭവം തന്നെ പലർക്കുമുണ്ടായിരിക്കാൻ സംഗതിയുണ്ട്. ആകയാൽ ഒരു ഭാഷാസരണി കൈവശപ്പെടുത്തുവാൻ ഉദ്ദേശിച്ച് അന്യന്മാരുടെ കൃതികളെ ഉരുവിട്ടു പഠിക്കുന്നവരോടു ഉപദേശിപ്പാനുള്ളതിതാണ്: നിങ്ങൾ വായിച്ച ഗ്രന്ഥകാരന്മാരുടെ വാചകങ്ങളെ മറന്നുകളവിൻ;