താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/112

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കടമയെ നടത്തുന്നത് അവഹിതനായിട്ടായിരിക്കരുത്, അവനെ ബാധിക്കാവുന്ന സംഗതികൾ ചിലതുണ്ട്. അവൻ നാടകശാലാധികാരികളുടെ പക്ഷത്തിൽപെട്ട് അവരുടെ പ്രവൃത്തിയെ അനർഹമായി സ്തുതിക്കരുത്; അതിന്മണ്ണംതന്നെ, പത്രത്തിൽ കൂലിക്കായി നാടക പരസ്യങ്ങൾ ചേർക്കുന്ന ആളുടെ ഭീഷണിയോ ശിപാർശയോ ഗണ്യമാക്കിക്കൊണ്ട് ഒരു നാടകത്തിന്റെ ദൂഷ്യഭാഗങ്ങൾ ഒളിച്ചുവയ്ക്കയുമരുത്. ലേഖകൻ പൊതുജനഭൃത്യനാണ്. ജനങ്ങൾ തങ്ങളുടെ ഹിതാഹിതങ്ങളെ നോക്കിക്കൊൾവാൻ ലേഖകനെ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നു. അവർക്കു സന്മാർഗനിഷ്ഠയിൽ ദോഷകരമായ ഒരു നാടകാഭിനയം കാണ്മാൻ അവരെ പ്രേരിപ്പിക്കുമാറുള്ള അവാസ്തവവർണ്ണനം ചെയ്താൽ, അവർ അറിയാതെ സന്മാർഗ്ഗദൂഷകമായ സംഗതികളിൽ ചാടി പാപക്കുണ്ടിൽ പതിച്ചേക്കും. ഇങ്ങനെ വരാതിരിപ്പാൻ നോക്കേണ്ടത് പത്രക്കാരന്റെ ചുമതലയിൽ ഉൾപ്പെട്ട കാര്യമാകുന്നു.

നാടകാഭിനയത്തോടു കൂടിച്ചേർന്നോ, തനിയെയോ പോകുന്ന ഒരു ഏർപ്പാടാണ് സംഗീതം. സംഗീതനാടകങ്ങൾ ഉണ്ടായിവരുന്ന സ്ഥിതിക്ക് ഈ വിഷയത്തിൽ മലയാളപത്രക്കാർ പ്രത്യേകം ശ്രദ്ധവയ്ക്കേണ്ടതായിട്ടുണ്ട്. സംഗീതപ്രയോഗത്തെപ്പറ്റി ഗുണാഗുണവിവേചനം ചെയ്യാൻ ലേഖകന്മാർക്കാർക്കും സാധിക്കുമെന്നാണു ചിലർ വിചാരിച്ചു പോരുന്നത്. 'ചെമ്പട' എന്നും 'കാപി' എന്നും 'ആദിതാളം' എന്നും, 'മധ്യമതാളം' എന്നും, 'റവ' എന്നും, 'സംഗതി' എന്നും പല പല സാങ്കേതിക ശബ്ദങ്ങൾ ലേഖനത്തിനുള്ളിൽ കുത്തിനിറച്ച്, സാധാരണ വായനക്കാരന്മാർക്കു മനസ്സിലാകാത്ത വിധത്തിൽ, വളച്ചുപൊളച്ചു വല്ലതുമെഴുതിയാൽ സംഗീത നിരൂപണമായി എന്നാണു അവരുടെ വിചാരം. ഈ ശബ്ദങ്ങളൊക്കെ ആവശ്യകം അല്ലെന്നു പറയുന്നില്ല. സംഗീത നിരൂപകൻ എന്നു വേണ്ട, കലാവിദ്യകളിൽ ഏതൊന്നിനേയും നിരൂപിക്കുന്നവരെല്ലാം, അതാതു കലകളിലെ സാങ്കേതിക പദങ്ങളിൽ പരിചയപ്പെട്ടിരിക്കേണ്ടതാവശ്യമാണ്. ആ വക പദങ്ങൾ ലേഖനത്തിൽ പ്രയോഗിക്കേണ്ടതും ആവശ്യം; എന്നാൽ മുഖ്യമായ ആവശ്യം അതല്ല: സംഗീതനാടകക്കാരുടെയോ സംഗീത