താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/121

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആണ്. ഈ നിലയിൽ പത്രക്കാരനു അവരോട് പരിഭവപ്പെടാൻ ന്യാമൊന്നുമില്ല; അവൻകൂടിയും അതേ അവസ്ഥയിൽ പെട്ടിരുന്നാൽ, സ്വകാര്യം പുറത്താക്കുവാൻ മടിക്കും. എന്നാലിനി എന്താണു ഒരു നിവൃത്തിമാർഗ്ഗം? സംഗതി സ്വകാര്യമായിട്ടുള്ളതായിരുന്നാലും അതിനെപ്പറ്റി പരക്കെ പ്രസ്താവം ഉണ്ടെന്നും, ആകയാൽ ആളുകൾക്കു ദുശ്ശങ്കയോ സംശയമോ ഉള്ളതൊക്കെ നീക്കുന്നതിനും അതൊന്നും ഉണ്ടാകാതെ കഴിയ്ക്കുന്നതിനും വാസ്തവവിവരങ്ങൾ വെളിപ്പെടുത്തുകയാണ് ഉചിതമെന്നും, ഇങ്ങനെ ചെയ്താൽ അവാസ്തവവർണ്ണനംകൊണ്ടുണ്ടാകാവുന്ന ക്ലേശങ്ങളെ നിവാരണം ചെയ്യാമെന്നും, റിപ്പോർട്ടർ അവരെ ബോധപ്പെടുത്തണം. ബുദ്ധിഗുണമുള്ളവർ ഉടനടി വേണ്ട വിവരങ്ങളെല്ലാം വെളിവിൽ പറയും; പത്രക്കാരനു തന്റെ അപേക്ഷ സാധിച്ചു എന്ന സംതൃപ്തിയും ഉണ്ടാകും.

വർത്തമാനങ്ങൾ ശേഖരിക്കുന്നതിനും പുറമെ, ഒരാൾ ഒരു വിഷയത്തിൽ പ്രഖ്യാതനായിരിക്കുമ്പോൾ, ആ വിഷയത്തെപ്പറ്റിയ അയാളുടെ അഭിപ്രായങ്ങളെന്തെന്നറിയുന്നതിനും, സന്ദർശനസമ്പ്രദായം പ്രയോജനപ്പെടുമാറുണ്ട്. പലവിഷയങ്ങളിൽ കുറേശ്ശ അറിവുള്ളവരായ പത്രക്കാരന്മാർ അനേകം ഉണ്ടായിരിക്കാം; അവർക്കുകൂടിയും, പ്രത്യേകമൊരു വിഷയത്തിൽ-സാഹിത്യശാസ്ത്രകലാതികളിൽ ഒന്നിൽ-വിദഗ്ദന്മാരെന്നു കീർത്തിപ്പെട്ടവരുടെ ജ്ഞാനഭണ്ഡാഗാരത്തിൽനിന്നു കടം മേടിക്കുന്നതു അയുക്തമായിരിക്കയില്ല. ഈ വിദഗ്ദ്ധൻമാർ പത്രക്കാരന്മാർക്കൊപ്പം ലേഖനമെഴുതുവാൻ ശീലിച്ചിട്ടുള്ളവരായിരിക്കയില്ലെന്നു വരാം; എങ്കിലും, അവർക്കു ലോകരെ ഗുണപ്പെടുത്തുന്നതിനു ഉതുകന്ന അഭിപ്രായങ്ങൾ കൈക്കലുണ്ടായിരിക്കും. ഇവയെ ശേഖരിപ്പാൻ പത്രക്കാരൻ ഉത്സാഹിക്കുന്നതുകൊണ്ടു ഗുണമുണ്ടാകുന്നതല്ലാതെ ദോഷമുണ്ടാകുന്നതല്ല. ഒരു പ്രമാണി ഒരു ദിക്കിൽ ചെന്നാൽ, അയാൾക്കു ആ ദിക്കിനെപ്പറ്റി തോന്നുന്ന അഭിപ്രായങ്ങൾ എന്തെന്നറിവാൻ പത്രക്കാർ ഉത്സാഹിക്കാറുണ്ട്. ചിലപ്പോൾ, നാട്ടിൽ ആലോചനാവിഷയമായിത്തീർന്നിരിക്കുന്ന വല്ല കാര്യത്തെക്കുറിച്ചും, മുമ്പന്മാരുടെ അഭിപ്രായങ്ങൾ അറിവാൻ, അവരെ, തരംകിട്ടുന്നേടത്തുവച്ച് അഭിമുഖം കണ്ട് ചോദിപ്പാനും പത്രക്കാരർ വിചികീർഷയോടുകൂടിയിരിക്കും.