താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/123

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വായനക്കാർക്ക് അന്യഥാ ധരിപ്പാൻ കാരണമില്ലാതാകയും ചെയ്യും. അതിനാലാണ് ലേഖനം അച്ചടിക്കുംമുമ്പ് അയാളെ കാണിച്ചിരിക്കേണമെന്നു നിബന്ധന ചെയ്യുന്നത്. കാണിക്കേണ്ടതു പത്രധർമ്മത്തിൽപെട്ട ഒരു മര്യാദയാണ്; കാണിച്ചിരിക്കുന്നതു ഉത്തമം. എന്നാൽ എപ്പൊഴും ഇതു സാധിച്ചതായി വരുകയില്ല. 'പുള്ളി' അകലെപ്പാർക്കുന്ന ആളായാൽ, കാണിപ്പാൻ അസാധ്യംതന്നെ. ഈ വിഷമദശയിൽ ലേഖനകർത്താവു നല്ലവണ്ണം യുക്തായുക്തവിവേചനംചെയ്ത് ത്യാജ്യത്യാഗം നടത്തിക്കൊണ്ടാൽ മതി.

ഇത്തരം സംവാദലേഖനങ്ങളിൽ എന്തൊക്കെയാണു എഴുതാവുന്നതു? എന്തെഴുതണം? എന്തൊക്കെ 'പുള്ളി'യെ കാണിച്ചു സമ്മതിപ്പിക്കണം? സാധാരണമായി, സംവാദലേഖനത്തിൽ രണ്ടു ഭാഗങ്ങളുണ്ട്, ഒന്ന്, 'പുള്ളി'യെപ്പറ്റി ചരിത്രമായോ, കാഴ്ചയ്ക്കു തോന്നുന്ന അഭിപ്രായമായോ, മറ്റോ എഴുതിച്ചേർക്കുന്ന ആമുഖവാചകങ്ങൾ: ഈ ഭാഗം 'പുള്ളി'യെ കാണിക്കേണ്ടതല്ല; മറ്റൊന്ന്, 'പുള്ളി'യുടെ കൈക്കൽനിന്നു ലഭിച്ച വാർത്തകൾ: ഇവ സാക്ഷാൽ സംഭാഷണരീതിക്കോ, അന്വാഖ്യാത സംഭാഷണരീതിക്കോ, സംക്ഷിപ്തമായിട്ടോ എഴുതിയിരിക്കാം. ഈ ഭാഗം 'പുള്ളി'യുടെ അനുമതിയോടുകൂടി വേണം പ്രസിദ്ധമാക്കുവാൻ. അതിനാൽ ഇതു മാത്രമേ, 'പുള്ളി'യുടെ മുമ്പാകെ വെയ്‌ക്കേണ്ടു. ഒന്നാമതു പറഞ്ഞ ജീവചരിത്രരൂപമായോ മറ്റോ ഉള്ള ഭാഗങ്ങളിൽ, ലേഖനകർത്താവ് മനസ്സാക്ഷിക്കു അനുരോധമായ അഭിപ്രായം ഏതും പ്രസ്താവിക്കാമെന്നാണ് 'വെയ്പും നടപ്പും'. ഒരു പുസ്തകത്തെപ്പറ്റി ഗുണദോഷനിരൂപണംചെയ്തു പറവാൻ ഒരുവന് എത്ര സ്വാതന്ത്ര്യാവകാശമുണ്ടോ, അതിലൊട്ടും താഴാത്ത അവകാശം ഒരുപൊതുജനകാര്യ പ്രസക്തനായ ആളെപ്പറ്റി അഭിപ്രായംപറവാനും പത്രക്കാരന് അനുവദിച്ചിട്ടുണ്ട്. അഭിപ്രായം പറവാനാണ്; അല്ലാതെ വസ്തുസ്ഥിതികളെ പറയുന്ന വിഷയത്തിൽ, ഇല്ലാത്ത സംഗതികൾ ഉണ്ടാക്കിപ്പറവാനോ, ഉള്ളതു മറച്ചുവെച്ചു തെറ്റിധരിപ്പിപ്പാനോ, അല്ല-എന്നു ഓർത്തിരിക്കണം. ഉത്തമ വിശ്വാസ്യമായി അഭിപ്രായം പറഞ്ഞു കേൾപ്പാൻ ചിലർക്കു സന്തോഷം ഉണ്ടാകയില്ലായിരിക്കാം; എന്നാലും, വൃഥാ