താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/129

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടുതലായി എഴിതിപ്പിടിപ്പിക്കയോ, ഉള്ളതിൽനിന്നു ഏതാനും വാക്കുകൾ എടുത്തുകളകയോ ചെയ്യുന്നതായാൽ കഥയുടെ സ്വാരസ്യത്തിനു ഭംഗം വരുമെന്നുകൂടി വായനക്കാരനു തോന്നത്തക്ക വിധത്തിലായിരിക്കണം കഥയെഴുതിക്കഴിപ്പാൻ. എങ്ങനെയായാലും, പ്രതിഫലത്തിനു യോഗ്യമായ ഒരു കല്പിതകഥയെഴുതുവാൻ തൽകർത്താവു മനസ്സുകൊണ്ടു നല്ലവണ്ണം പണിയെടുക്കാതെ സാധിക്കയില്ല; തന്റെ കല്പനാശക്തിയേയും വിവേചനസാമർത്ഥ്യത്തെയും ഉചിതമായ പ്രകാരം ഉപയോഗപ്പെടുത്താതെ, തൂവൽത്തുമ്പത്തു ചാടിവരുന്ന കുറെ വാക്കുകളെ കൂട്ടിപ്പിടിപ്പിച്ച് കഥയെഴിതിത്തള്ളുന്നവർ, തങ്ങളുടെ മാത്രമല്ലാ, പത്രാധിപന്മാരുടെയും വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നതേയുള്ളു എന്നു അറിയണം.

ചെറിയ കഥകൾ എഴുതിക്കിട്ടുവാൻ പത്രക്കാരും മാസികക്കാരും ആഗ്രഹിക്കുമാറുണ്ട്. ഇംഗ്ലണ്ടു മുതലായ പാശ്ചാത്യരാജ്യങ്ങളിൽ ഇത്തരം കഥയെഴുത്തുകാർക്കു മതിയായ പ്രതിഫലവും കിട്ടാറുണ്ട്. രണ്ടായിരം വാക്കുകൾക്കു ഒന്നു മുതൽ അഞ്ചോ പത്തോവരേ ഗിനിയാണു സാധാരണ പ്രതിഫലം. പത്രപ്രസാധകനു കേട്ടുപരിചയമില്ലാത്ത ഒരു പുതിയ എഴുത്തുകാരനാണ് ഒരു മാസികയ്ക്കു കഥയയച്ചിരിക്കുന്നതെങ്കിൽ, അയാൾക്കു, ചുരുങ്ങിയതു ആറു പവൻ തുടങ്ങി കവിഞ്ഞതു പതിനഞ്ചു പവൻ വരെ പ്രതിഫലം പ്രതീക്ഷിക്കാം. എന്നാൽ, ഇങ്ങനെ കഥയെഴുതി കാലക്ഷേപം കഴിക്കാമെന്നു വിചാരിച്ചിരുന്നാൽ അതിലും ദുർഘടമുണ്ട്: ചില പ്രസിദ്ധപ്പെട്ട പത്രഗ്രന്ഥങ്ങൾക്കു അയച്ചുകിട്ടുന്ന കഥകളെപ്പറ്റി, അതുകൾ കൈപ്പറ്റിയിരിക്കുന്നുവെന്നോ ഉപ്പേക്ഷിച്ചിരിക്കുന്നുവെന്നോ, ഒരു മറുപടി അയച്ചുകൊടുപ്പാൻ പത്രാധിപന്മാർക്ക് ഉടനടി സാധിക്കയില്ല; ഒരു കൊല്ലത്തോളം വൈകിയെന്നു വരാം. അത്രയേറെ കഥകൾ പത്രാധിപരുടെ മുമ്പിൽ എത്തുന്നുണ്ടായിരിക്കും. ഒരു കൊല്ലത്തിനുള്ളിൽ ഇതുപതിനായിരം ചെറിയ കഥകൾ ഇംഗ്ലണ്ടിലെ ഒരു പത്രഗ്രന്ഥത്തിനു അയച്ചുകിട്ടിയിരുന്നതായി തൽപത്രാധിപർ തന്നെ പ്രസ്താവിച്ചിരിക്കുന്നു; സ്വീകരിച്ചു പ്രസിദ്ധപ്പെടുത്തിയ കഥകളുടെ എണ്ണം, ഇവയിൽ, എഴുപത്തിരണ്ടു