താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/13

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊർജ്ജിതമായിരിക്കുന്ന നല്ല മനോധർമ്മവും പ്രസരിപ്പും ചൊടിചൊടിപ്പും, ഏതു സംഗതിയിലും വിചിത്രമായുള്ളതിനേയും, പ്രത്യേകമൊരാളെ പ്രസാദിപ്പിക്കുന്ന സംഗതികളേക്കാൾ ജനസമൂഹത്തെ ഒട്ടുക്കു രസിപ്പിക്കുന്നതായ സംഗതികളേയും, ഔചിത്യംപോലെ, ഉടനുടൻ ഗ്രഹിപ്പാൻ തക്ക ബുദ്ധികൗശലവും ഉണ്ടെന്നിരിക്കിൽ, അവന്നു പത്രപ്രവർത്തനത്തൊഴിലിൽ പ്രവേശിക്കുന്നതിലേക്ക് ആവശ്യമായുള്ള മാനസികമായ അനുഗ്രഹം സിദ്ധിച്ചിട്ടുണ്ടെന്നു തീർത്തു പറയാം; എന്നാൽ അവന്നു യോഗ്യത തികവാൻ വിദ്യാഭ്യാസം ലഭിച്ചിരിക്കുക ആവശ്യകവുമാണ്. ഏതു തരത്തിലുള്ള വിദ്യാഭ്യാസം വേണമെന്നു വഴിയേ പ്രതിപാദിക്കാം. വിദ്യാഭ്യാസവും നല്ല മനോധർമ്മവിലാസവും ഉള്ളവന്നു, പത്രപ്രവർത്തനത്തൊഴിലിൽ, എത്രയോ നിഷ്പ്രയാസമായി ഉന്നത പടവുകളിലേക്കു കയറിപ്പോവാനും കീർത്തിയും ബഹുമാന്യതയും നേടുവാനും സാധിക്കുന്നതാണ്. ഈ പ്രവൃത്തി അവന്നു സാഹിത്യ പരിശ്രമത്തിൽ സഹായമായിരിക്കുന്നതും; അവന്റെ ബുദ്ധിസാമർത്ഥ്യത്തിന്നനുസരിച്ച് അവന്നു സാഹിത്യകാരന്മാരുടെ സംഘത്തിൽ ശ്ലാഘ്യമായ സ്ഥാനം പ്രാപിക്കുവാൻ കഴിയുന്നതുമാകുന്നു.

പത്രപ്രവർത്തന ജീവിതത്തിൽ കടക്കുന്ന ഒരുവന്നു തന്റെ പദ്ധതിയിൽ പലേ ക്ലേശങ്ങളും ഉണ്ടായിരിക്കുന്നതിന്നൊപ്പംതന്നേ, പലേ പ്രലോഭനങ്ങളും ഉണ്ടാവാനിടയുണ്ട്. അവന്റെ സ്ഥാനം പ്രത്യേകം ചില അവകാശങ്ങളും ബാധ്യതകളുമുള്ളതാകയാൽ, പലേ ആളുകളുമായി ഇടപഴകാനും പലേ തരക്കാരുടെ നാനാപ്രകാരമായ നടത്തകളെ കാണ്മാനും സംഗതിവരും. ആരംഭത്തിലേ അവന്നു തന്റെ അവസരങ്ങളെ വിവേകപൂർവ്വം ഉപയോഗപ്പെടുത്താമെങ്കിൽ അവന്നു തൊഴിലിൽ ആദ്യകാലമത്രയും വളരെ കാര്യങ്ങൾ ഗ്രഹിപ്പാൻ സൗകര്യമുണ്ടാകും. അവൻ സ്വാർത്ഥങ്ങളെ നേടുന്നതിന്നു മോഹിക്കാതെയും, തൻകാര്യത്തേക്കാൾ പൊതുജന ഹിതങ്ങളെ അവശ്യം കർത്തവ്യമായി കരുതിയും പ്രവർത്തിച്ചാൽ, അവന്റെ ആരംഭദശ ശുഭമായിട്ടുതന്നെ കഴിഞ്ഞുകൂടിയേക്കും. അവന്നു നാനാജനങ്ങളുമായി ഇടപഴകാനും ലോകപരിചയം ധാരാളം ഉണ്ടാകാനും സാധിക്കുമെന്നിരുന്നാലും, പലേ ക്ലേശങ്ങളും