ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആകർഷിച്ചുകൊണ്ടുപോകും. ഈ മാതിരി കഥകളുടെ സ്വഭാവം ഇതാണ്: പ്രാരംഭഘട്ടത്തിൽ കഥാപാത്രങ്ങൾ ഓരോരോ കുഴക്കുകളിൽ കുടുങ്ങുന്നതായും; അനന്തരാധ്യായങ്ങളിൽ, അവർ ആ കുഴക്കുകളിൽ നിന്നു പുറമേയിറങ്ങി രക്ഷപ്പെടുവാൻ ശ്രമിച്ചു സാധിക്കുന്നതായും കഥാംശങ്ങളെ ബന്ധിച്ചിരിക്കുകയാണ്. ഒരു ലക്കത്തിൽ കഥ വായിച്ചു തുടങ്ങിയാൽ വായനക്കാരൻ പത്രത്തിന്റെ അടുത്ത ലക്കങ്ങൾ വായിപ്പാൻ ക്ഷമകേടോടെ പ്രതീക്ഷിക്കണം. അതിന്നു തക്കവിധത്തിലാണു കഥയുടെ ഓരോ അദ്ധ്യായവും എഴുതി ഫലിപ്പിക്കേണ്ടത്. ഇതിലേക്കു, കഥയെഴുത്തുകാരനു, പത്രാധിപരുടെ ഉപദേശങ്ങൾ അപ്പൊഴപ്പോൾ കിട്ടുമായിരുന്നാലും, മഹാജനങ്ങളുടെ ആഗ്രഹങ്ങളെ പ്രേക്ഷിച്ചറിഞ്ഞു അതിന്നനുസരിച്ച് കഥയിൽ ആവശ്യംപോലെ ഓരോ സംഗതികൾ കൂട്ടിച്ചേർത്തുകൊള്ളുവാൻ തക്ക ബുദ്ധിഗുണം ഉണ്ടായിരിക്കണം.