മൂന്നും കൂട്ടിച്ചേർത്താൽ ഫലം എട്ടാണെന്നിരിക്കിൽ, ആ സംഗതി സാധാരണക്കാരൊക്കെ അറിഞ്ഞിരിക്കുന്നതിൽ അത്ഭുതപ്പെടാനുമില്ല. എന്നാൽ, ഇങ്ങിനെ അഭിപ്രായങ്ങൾക്കു വ്യത്യാസമില്ലാതിരുന്നാലും, അഞ്ചും മൂന്നും കൂട്ടിച്ചേർത്താൽ എട്ടാകുന്നു എന്നു സ്ഥാപിക്കുവാൻ ഓരോരുത്തൻ ഓരോ സമ്പ്രദായത്തെ പ്രയോഗിക്കുന്നു. ഇത്: നന്നായിട്ടോ, ചീത്തയായിട്ടോ, ഇടത്തരമായിട്ടോ പ്രതിപാദിച്ചിരിക്കാം. പ്രതിപാദനരീതിയ്ക്കുള്ള വ്യത്യാസത്തിനു കാരണം അതാതാളുകളുടെ സാമർത്ഥവിശേഷത്തിനുള്ള ഏറ്റക്കുറച്ചൽതന്നേ, എന്നു സമ്മതിച്ചേ കഴിയൂ. സാധാരണമായി, ഒരു വിഷയത്തെപ്പറ്റി പലേ പത്രങ്ങൾ മുഖപ്രസംഗം ചെയ്യുന്നുണ്ട്. അവയിലടക്കിയിരിക്കുന്ന അഭിപ്രായങ്ങളെ അപേക്ഷിച്ചേടത്തോളം, പ്രസംഗങ്ങൾക്കു തമ്മിൽ വ്യത്യാസമില്ലെന്നും പറയാം. എന്നാൽ പിന്നെ എന്താണ് ചില പ്രസംഗങ്ങൾ മാത്രം രസകരമായിരിക്കുന്നു എന്നും, വായനക്കാരർ പറയുന്നത്? ശ്രദ്ധവെച്ചു പണിയെടുത്താൽ ഉപന്യാസം ഒന്നാന്തരമാക്കാമെന്നുള്ള വിചാരം വെറും ഭ്രമമാണെന്നു മനസ്സിലാക്കേണ്ടതാണ്. ശ്രേഷ്ഠനായ ഒരു സാഹിത്യകാരകനല്ലാതെ, ശ്രേഷ്ഠമായ ഒരു ഉപന്യാസം രചിക്കുവാൻ മറ്റൊരാളാൽ കഴികയില്ല. അയാളുടെ സ്വാഭിപ്രായങ്ങളേയോ, മനോഭാവനകളേയോ, അന്യന്മാർക്കു ലഭിക്കത്തക്കതായ സംഗതികളോ പ്രതിപാദിച്ചതുകൊണ്ടല്ലാ ഉപന്യാസം ശ്രേഷ്ടമായിത്തീർന്നിട്ടുള്ളത് ആ ഉപന്യാസമാകട്ടെ, അയാളുടെ മനസ്സു സാമാന്യേന ഏതേതു കരുവിൽ ഒഴികിച്ചെന്നു വീണ് ഓരോരോ രൂപങ്ങളെ കൈക്കൊള്ളും എന്നതിന്റെ പ്രകടനം ആകുന്നു എന്നു ധരിക്കണം. ശ്രേഷ്ഠന്മാരായ ഉപന്യാസകർത്താക്കന്മാരുടെ ഉപന്യാസങ്ങളെ ഓർമ്മിച്ചുവോക്കുക; അവരുടെ ആശയങ്ങളെയല്ല നാം സ്മരിക്കുന്നത്; അവരെക്കുറിച്ചു നാം മനസ്സിൽ സങ്കല്പത്താൽ പ്രതിഷ്ഠിച്ചിട്ടുള്ള അവരുടെ ഓരോ സ്വരൂപങ്ങളെ നാം ഓർക്കുന്നു. അവരുടെ ഉപന്യാസങ്ങളിലൊക്കെ അനിർവചനീയമായ 'എന്തോ ഒന്നു' ഉണ്ട്. ഈ 'എന്തോ ഒന്നു'-ഈ വ്യക്തിത്വം, ഈ ഇന്ദ്രജാലവൈഭവം, ഈ വശീകരണശക്തി-ചിലർക്കുണ്ട്; മറ്റു ചിലർക്ക് ഇല്ല; ഈ വ്യത്യാസമാണ് ഉപന്യാസങ്ങളുടെ നന്മതിന്മകൾക്കും കാരണം.
താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/142
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു