താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/143

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു സംഗതിയെക്കുറിച്ചു പ്രസംഗിക്കേണ്ടതിനു ഒരു അന്തർഹിതമായ ചൈതന്യം തന്നെ ഇളക്കിമറിക്കുന്നില്ലെങ്കിൽ, ഒരുവനും ആ സംഗതിയെപ്പറ്റി എഴുതാനായിട്ടിരിക്കരുതെന്നാണെനിക്കു പറവാനുള്ളത്. തന്റെ കൈവശമുള്ള പദങ്ങളെ പ്രദർശിപ്പിക്കാനായി എന്തെങ്കിലം സംഗതികൾ ആ പദങ്ങൾക്കുള്ളിൽ കുടുക്കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകുന്നുണ്ടെങ്കിൽ അത് പത്രപംക്തി നിറയ്ക്കുവാൻ മാത്രമാകുന്നു. ഇത്തരക്കാരാണ് തങ്ങളുടെ പക്കലുള്ള ഏതാൻ ചില പദങ്ങളെ തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും ഉപയോഗിച്ച്, വാക്യങ്ങളെ മിക്കവാറും ഒരേവിധത്തിൽ തുടങ്ങുകയും, ഒരേവിധത്തിൽ അവസാനിപ്പിക്കയും ചെയ്യുന്നത്. ഇവർക്ക് ഏതു കാര്യവും 'അഭിലഷണീയ'മോ 'അനഭിലഷണീയ'മോ; 'ആശാസ്യ'മോ 'അനാശാസ്യ'മോ ആയിരിക്കും. ഏതഭിപ്രായവും, 'സാരഗർഭ'മോ, 'ശ്രദ്ധാർഹ'മോ 'ആദരണീയ'മോ 'അഭിനന്ദനീയ'മോ ആയിരിക്കും; ഏതു വാസ്തവവും 'വിസ്മരണീയ'മോ, 'അവിസ്മരണീയ'മോ, 'അവിതർക്കിത'മോ 'പ്രത്യേകം പറഞ്ഞേ തീരു എന്നില്ലാ'ത്തതോ, 'വ്യസനകര'മോ ആയിരിക്കും. ഏന്തിനേറെ? ഇവരുടെ മുഖപ്രസംഗങ്ങളിൽ ഒരെണ്ണമെങ്കിലും രചനാവൈചിത്ര്യമുള്ളതായിരിക്കയില്ല. ഇവരുടെ പ്രിയപ്പെട്ട ചില പദങ്ങളും വാചകങ്ങളും 'ഈ അവസരത്തിൽ പ്രസ്താവിക്കാതിരിക്കാൻ നിവൃത്തിയില്ല'; 'അനുകരണീയമായ വിധം പ്രശസ്തതരമായിരിക്കുന്നുണ്ട്'; 'അനുഭാവപൂർവകവും ആക്ഷേപാർഹവുമായ നയം'; 'ആശാസ്യമായ ഭേദഗതികൾ', 'പ്രത്യേകം പ്രസ്താവയോഗ്യമാണ്', 'സാർവത്രികമായ അതൃപ്തി', 'സ്ഥാനം ആശാസ്യമായ ഒന്നായിരിക്കുന്നില്ല'; 'എത്ര പ്രാവശ്യം പറഞ്ഞാലും മതിയാകുന്നതല്ല'; 'ഏറ്റവും അത്ഭുതജനകമായിരിക്കുന്നു എന്ന് ഈ അവസരത്തിൽ വീണ്ടും പ്രസ്താവിക്കാതിരിക്കാൻ നിർവാഹമില്ല'; 'അഭിലഷണീയവും ആവശ്യകവുമായ ഒരു കാര്യമാണ്'; 'യാതൊരുത്തരെയും പ്രത്യേകം അറിയിച്ചേ തീരൂ എന്നില്ലാത്ത ഒരു വാസ്തവമാണ്'; 'വർദ്ധനയ്ക്ക് പര്യാപ്തങ്ങളായിരിക്കുന്നില്ല'; 'പ്രത്യേകം പറയേണ്ടതില്ല'; 'വളർച്ചയെ തടയുന്നതിന് പര്യാപ്തങ്ങളായ വ്യവസ്ഥകൾ'; 'അനാശ്യാസവും ആക്ഷേപാർഹവുമായ ഒരു പ്രതിലോമനയം'; 'അനുചിതവും അനാദരണീയവുമായ ഒരു പ്രവൃത്തി';