താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/144

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'സർവവിദിതമാണ്'; 'അയുക്തവും ആക്ഷേപാർഹവുമാണ്'; 'അനുചിതങ്ങളും അനഭിലഷണീയങ്ങളും ആയ വ്യവസ്ഥ'; 'ഗണ്യതരങ്ങളായ പരിഷ്കാരങ്ങൾ'; 'ഒരു വിധത്തിലും നീതീകരിക്കത്തക്കതല്ല; 'അഭിപ്രായം ശ്രദ്ധാർഹമായ ഒന്നാണെന്നുള്ളതിന് സംശയമില്ല'; 'അവിതർക്കിതമായ ഒരു വാസ്തവം'; 'ഫലം ആശാസ്യമായിരിക്കുന്നുണ്ട്'; 'അവിസ്മരണീയമായ ഒരു വാസ്തവമാണ്'; 'അനഭിലഷണീയങ്ങളായ വ്യവസ്ഥകൾ'; 'അനഭിലഷണീയമായ വിധം'; 'അനുചിതങ്ങളും അനഭിലണീയങ്ങളുമാണെന്നുള്ള അഭിപ്രായത്തെ മാർജ്ജനം ചെയ്യുന്നതിന് സാധിക്കയില്ല'; 'നാമാവശേഷങ്ങളാക്കുന്നു'; 'ഈ അഭിപ്രായം എത്രയും ആദരണീയമാണെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല'-ഇത്യാദി അനേകം ഉണ്ട്. ഇവയിൽ ചില പദങ്ങളും വാചകങ്ങളും അടുത്തടുത്ത വാക്യങ്ങളിൽ ഒരേ മട്ടിൽ പ്രയോഗിക്കുന്നതിന് കൂടിയും ഇവർക്കു മടിയില്ല. ഇതിനിടെ 55 വാക്യങ്ങൾ അടങ്ങിയ ഒരു മുഖപ്രസംഗത്തിൽ, 21-എണ്ണത്തിൽ, 'കാണുന്നു' എന്ന ക്രിയാപദത്തിന്റെ ഒരു രൂപം വാക്യാന്തത്തിൽ പ്രയോഗിച്ചിരിക്കുന്നതായി ഞാൻ കണ്ടു; ഇവ പലതും തൊട്ടുതൊട്ടിരിക്കുന്ന വാക്യങ്ങളിലാണുതാനും! വാക്യങ്ങളുടെ എണ്ണം ക്രമത്തിനു പറയാം: 3-5-6-8-9-10-12-16-19-24-25-29-31-34-35-37-38-42-50-51-54. ഇവയിൽ അവസാന ഭാഗങ്ങളിൽ പ്രയോഗിച്ചിരുന്ന ശബ്ദരൂപങ്ങൾ, യഥാക്രമം എഴുതാം:- ആയിക്കാണുന്നു; ആണു കാണുന്നത്; എന്നും കാണുന്നുണ്ട്; എന്നു കാണുന്നു; എന്നു കാണുന്നത്; കാണുന്ന; ആയും കാണുന്നു; കാണാവുന്നതാണ്; ആയും കാണുന്നുണ്ട്; എന്നു കാണുന്നു; ആയിക്കാണുന്നു; ആയിക്കാണുന്നു; ആയിക്കാണുന്നു; എന്നും കാണുന്നത്; ആയിക്കാണുന്നത്; ആയും കാണുന്നു; എന്നു കാണുന്നത്; ആയിക്കാണുന്നുണ്ട്; ആയിക്കാണുന്നു; എന്നും കാണുന്നുണ്ട്; കാണുന്നത് - ഇപ്രകാരം ഏകരൂപമായി അവസാനിക്കുന്ന വാക്യങ്ങളെക്കൊണ്ടു ഒരു പ്രസംഗം നിറച്ചാൽ, വായനക്കാർക്കു് നീരസം തോന്നുന്നതിൽ അത്ഭുതമെന്തുള്ളു? വാക്യങ്ങൾക്ക് വൈചിത്ര്യം ഇല്ലെങ്കിൽ, ഉപന്യാസം, വരണ്ട് കട്ടവെടിച്ച് കീറിക്കിടക്കുന്ന തറയെന്നവണ്ണമിരിക്കും. അത്തരം തറ നോക്കിക്കൊണ്ടിരിപ്പാൻ ആർക്കും കൗതുകമുണ്ടാകയില്ല.