ഇടയ്ക്കിട പല നിറത്തിലുള്ള പൂച്ചെടികൾ നട്ടുനനച്ച് പിടിപ്പിച്ചിരിക്കുന്ന തോട്ടം ആക്കിയാൽ കാണ്മാൻ എത്രയോ സന്തോഷമാണ്.
മുഖപ്രസംഗങ്ങൾ നീട്ടിവലിച്ചെഴുതുന്ന സമ്പ്രദായം ഇപ്പോൾ മാറിത്തുടങ്ങീട്ടുണ്ട്. ചെറിയ ചെറിയ ഖണ്ഡികകളെക്കൊണ്ട് പത്രാധിപപ്രസംഗപംക്തി നിറയ്ക്കുകയാണ് ഉത്തമം എന്നൊരഭിപ്രായമുണ്ട്. എങ്കിലും പൂർവാചാരത്തിൽനിന്നു പിൻതിരിവാൻ എല്ലാവർക്കും സമ്മതമായിട്ടില്ല. എന്നാലും, ഓരോരോ മുഖ്യസംഗതികളെക്കുറിച്ചു സരസവും സംക്ഷിപ്തവുമായ പത്രാധിപക്കുറിപ്പുകൾ എഴുതി വായനക്കാരെ ആകർഷിപ്പാൻ സാമർത്ഥ്യമള്ളവരെപ്പറ്റിയാണ് പത്രനടത്തിപ്പുകാർക്ക് അധികം താൽപര്യമുണ്ടാകുന്നത്. ഇത്തരം ഖണ്ഡലേഖനങ്ങൾ ഒരേ വിഷയത്തെ മാത്രം പ്രതിപാദിച്ചാൽ പോരാ എന്നും; പലേ വിഷയങ്ങളെപ്പറ്റി പറയുന്നവയായിരിക്കേണമെന്നും, അറിയേണ്ടതാകുന്നു. എന്നുമാത്രമല്ല; ഇവ സ്വയം വിചാരിച്ച് എഴുതുന്നവയായിരിക്കണം. ആക്ഷേപം പറയേണ്ടെടത്ത് ആക്ഷേപിക്കുക; ഉത്സാഹിപ്പിക്കേണ്ടെടെത്ത് ഉൽസാഹിപ്പിക്കുക; ഫലിതമായിരിക്കേണ്ടെടെത്തു ഫലിതം പറക-ഇങ്ങനെ നാനാപ്രകാരമായിരിക്കണം. സ്വകപോലകല്പിതമായ ഉപന്യാസങ്ങൾ എഴുതുവാൻ ഉത്സാഹിക്കുന്നവർ, അവരുടെ അറിവിൽ അപ്പൊഴപ്പോൾ എത്തുന്നതായ ഫലിതകഥകൾ, സാരസംഗതികൾ, വിശേഷസംഭവങ്ങൾ എന്നിതുകളൊക്കെ ഒരു പുസ്തകത്തിൽ കുറിച്ചു സൂക്ഷിച്ചുവെച്ചിരുന്നാൽ, ലേഖനങ്ങളിൽ യഥോചിതം കൂട്ടിച്ചേർപ്പാൻ പ്രയോജനപ്പെടും; ലേഖനവിഷയങ്ങളെ ഫലിതകഥകൾകൊണ്ടു ദൃഷ്ടാന്തപ്പെടുത്തിയെഴുതുന്നതു പലപ്പോഴും കൗതുകകരമായിരിക്കുമാറുണ്ട്. സാരസങ്കരമായ ഇത്തരം പുസ്തകം പിൽക്കാലത്തു വിലയേറിയ രത്നാകരമായും ഉപകാരപ്പെടും.
പത്രാധിപരുടെ പണികളിൽ ഒന്ന് ഗ്രന്ഥനിരൂപണമാണ്. അഭിപ്രായം പറവാനായി ഓരോരുത്തർ അയക്കുന്ന പുസ്തകങ്ങളുടെ ഗുണദോഷങ്ങൾ നിരൂപിക്കുവാൻ പത്രക്കാരൻ സമർത്ഥനായിരിക്കണം. നിരൂപണം ചെയ്യാൻ പത്രാധിപർക്കു സമയമോ സൗകര്യമോ ഇല്ലെന്നിരിക്കിൽ,