അതിലേക്ക് പ്രത്യേകം മിടുക്കുള്ള ലേഖകൻമാരെക്കൊണ്ട് ആ ആവശ്യം നിർവഹിക്കാറുണ്ടെന്ന് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. എങ്ങിനെയായാലും, ഗ്രന്ഥങ്ങളെ നിരൂപിക്കുന്നതുകൊണ്ട് പത്രത്തിനു വിശേഷ ഗുണമുണ്ടാകും. വായനക്കാർ ഭിന്നരുചികളായിരിക്കുമ്പോൾ, സാഹിത്യത്തിൽ കൗതുകമുള്ളവരും അവരുടെ കൂട്ടത്തിൽ ഉണ്ടാവാം. അവരുടെ ഹിതത്തിനായും, ഭാഷാഭിവൃദ്ധിക്കായിട്ടും, ഗ്രന്ഥനിരൂപണം ആവശ്യകവും ഉചിതവുമാകുന്നു. എന്നാൽ, വർത്തമാനപത്രങ്ങളിൽ പുസ്തകാഭിപ്രായം പറയുന്നത്, സാഹിത്യവിഷയങ്ങളെ പ്രത്യേകമായി പ്രതിപാദിക്കുന്ന പത്രഗ്രന്ഥങ്ങളിലോ പത്രങ്ങളിലോ നിരൂപണം ചെയ്യുന്നതിന്നൊപ്പം സവിസ്തരമായിരിക്കേണ്ടാ; ചുരുക്കത്തിൽ പറഞ്ഞാൽ മതി. പുസ്തകത്തെപ്പറ്റി വായനക്കാരുടെ കൺമുമ്പിൽ വെയ്ക്കേണ്ട പ്രധാനപ്പെട്ട സംഗതികൾ മാത്രം സംഗ്രഹിച്ചിരിക്കയാണ് ആവശ്യമായ കാര്യം. ഇങ്ങനെയിരുന്നാലും, ഭാഷയ്ക്കും ജനസമുദായത്തിന്നും, രാജ്യക്ഷേമത്തിന്നും അഭിവൃദ്ധി വരാൻ ഉപയോഗപ്പെടുന്ന ഗ്രന്ഥങ്ങളെ ക്ഷുദ്രകൃതികളിൽ നിന്നു വേർതിരിച്ചറിവാനും, അവയ്ക്കു പ്രചാരം വരുത്തുവാനും, അവയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിപ്പാനും നിരൂപണകർത്താവ് സാഹിത്യകുശലനായിരിക്കണം. ഗ്രന്ഥകർത്താവിന്റെ പേരു മാത്രം നോക്കിക്കൊണ്ട് ഒരു കൃതിയെ പ്രശംസിക്കയോ, നിന്ദിക്കയോ ചെയ്യുന്നതുകൊണ്ട് യാതൊരുപകാരവും ലോകർക്കു സിദ്ധിക്കയില്ല; അങ്ങനെ ചെയ്യുന്നത് യുക്തിഭ്രമത്തിന്ന് ഉദാഹരണമായിരിക്കും താനും. ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെയും സാഗിത്യരചനാ ഗുണങ്ങളെയും വേണം നിരൂപിപ്പാൻ. ഇതിനു പകരം പുസ്തകത്തിന്റെ 'മുഖവുര'യിൽനിന്ന് ഏതാൻ സംഗതികളെ ഗ്രഹിച്ചുകൊണ്ട് മുഖവുരയിലെ വാക്യങ്ങളെത്തന്നെ തട്ടിയുടച്ചു വാർത്ത് അഭിപ്രായമെഴുതുന്ന സമ്പ്രദായം തീരെ ജുഗുപ്സിതമായിട്ടുള്ളതാകുന്നു. ഈ വിഷയത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ മുൻ ഒരു അദ്ധ്യായത്തിൽ എഴുതീട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.
താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/146
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു