പലവക
ഒരു പത്രകാര്യാലയത്തിൽ പണിയേറ്റിരിക്കുന്ന വൃത്താന്തനിവേദകന്റെ പ്രതിഫലം ചെറിയ തുകയായിരിപ്പാനാണ് സംഗതിയുള്ളതെങ്കിലും, അവന്ന് മറുവഴിക്ക് ആദായം ഉണ്ടാക്കുവാൻ സൗകര്യമുണ്ട്. തന്റെ പത്രത്തിലേക്കായി ശേഖരിക്കുന്ന വർത്തമാനങ്ങൾ മറ്റു പത്രങ്ങൾക്കും ഉപയോഗപ്പെടുത്തുവാൻ കഴിയുന്നതാണല്ലോ. അന്യദിക്കുകളിൽ നിന്നു പുറപ്പെടുന്ന പത്രങ്ങൾക്കു ലേഖനങ്ങളയക്കുവാനോ, പ്രതിദിന പത്രങ്ങളിലേക്ക് വർത്തമാനങ്ങൾ എഴുതിക്കൊടുപ്പുവാനോ അവന്ന് സാധിക്കുന്നതാണ്; ഇവയ്ക്ക് പ്രത്യേകം ആദായവും ലഭിക്കും. എന്നാൽ ഈ ഏർപ്പാട് സർവ്വസാമാന്യമായി ആദരിക്കപ്പെടുമാറില്ല. ഒരുവൻ ഏതൊരു പത്രത്തിന്റെ അധീനതയിൽ പണിയെടുക്കുന്നുവോ ആ പത്രം പുറപ്പെടുന്ന സ്ഥലത്തുതന്നെയോ, അയൽദേശത്തോ ഉള്ള പത്രങ്ങൾക്ക്, അവൻ സഹായിക്കരുതെന്നു ഒരു നിബന്ധനയുണ്ട്. കിടമൽസരമുള്ള പത്രങ്ങളായിരുന്നാൽ, ഇത് നിഷ്കർഷമായി അനുഷ്ഠിക്കേണ്ടുന്നതുമാണ്. അകലേനിന്ന് പുറപ്പെടുന്നവയ്ക്ക് ലേഖനങ്ങളെഴുതുന്ന കാര്യത്തിൽ അവനെ വിരോധിക്കാറില്ലാ. പ്രതിദിനപത്രങ്ങൾക്ക് വാർത്തകൾ എഴുതി അയച്ചാൽ അവ സ്വീകരിച്ച് പ്രസിദ്ധപ്പെടുത്തുന്നവയ്ക്കൊക്കെ പ്രതിഫലം നൽകുന്നതാണ്. ഇംഗ്ലാണ്ടിൽ, വരി ഒന്നിന് രണ്ടണ വീതം കിട്ടുവാൻ മാർഗ്ഗമുണ്ട്; സാധാരണ ഒരണ വീതമാണ് പ്രതിഫലം കൊടുക്കാറുള്ളത്. മറ്റു പത്രങ്ങൾക്ക് ലേഖനങ്ങളെഴുതിക്കൊടുക്കുന്നതിന്ന് വേറെ ആദായം ലഭിക്കുന്നതാണ്. പത്രങ്ങൾക്ക് ലേഖനങ്ങൾ അയക്കുവാൻ ഉൽസാഹിക്കുമ്പോൾ, അവൻ നോക്കേണ്ടത്, ആ പത്രങ്ങൾക്ക് ഏതേതു വിഷയങ്ങളിലാണ് അധികം താൽപര്യമുള്ളതെന്നാകുന്നു. പത്രങ്ങളുടെ അഭിരുചിയും നയവും അറിഞ്ഞ് അതിന്നൊത്ത് എഴുതിക്കൊണ്ടാൽ അത്തരം ലേഖനങ്ങൾക്ക് പ്രതിഫലം കിട്ടിക്കൊള്ളും. ഒരുവൻ പുതിയതായിട്ടാണ് ഒരു റിപ്പോർട്ടർസ്ഥാനത്തു വന്നതെങ്കിൽ, തന്റെ മുൻവാഴ്ചക്കാരൻ ഏതേതു പത്രങ്ങളിലേക്ക് ലേഖനങ്ങൾ അയച്ചിരുന്നു എന്ന് അന്വേഷിച്ചറിഞ്ഞ്, ആ