താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/149

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നിലധികം പത്രങ്ങൾക്കു കമ്പി അയയ്ക്കുന്നതുകൊണ്ട്; ഏതെങ്കിലുമൊരു പത്രം സ്വീകരിച്ചു പ്രതിഫലം കൊടുത്തുവെന്നു വരും. പക്ഷേ, എല്ലാ പത്രങ്ങളൂം സ്വീകരിക്കയും അവ ഓരോന്നും വെവ്വേറെ ആദായം നൽകുകയും ചെയ്തു എന്നും വരാം. ഇന്നയിന്ന പത്രങ്ങൾക്ക് ഇന്നയിന്ന സംഗതികളെപ്പറ്റിയുള്ള വാർത്തകൾ സ്വീകര്യങ്ങളായിരിക്കുമെന്ന് അറിഞ്ഞിരുന്നാൽ, പ്രതിദിനപത്രങ്ങളിലേയ്ക്കയയ്ക്കുന്ന കമ്പികൾക്ക് പുറമെ, ചില പ്രതിവാര പത്രങ്ങൾക്കു വിശേഷലേഖനങ്ങളയച്ച് ആദായമുണ്ടാക്കാനും കഴിയുന്നതാണ്. കമ്പി അയയ്ക്കുന്ന കാര്യത്തിൽ, പത്രാധിപരുമായി മുൻകൂട്ടി ഏർപ്പാടു ചെയ്യുന്നത് ഏറെ ഉത്തമം. ഇന്ന സംഗതിയെക്കുറിച്ച് ഇത്ര പംക്തി കമ്പിവാർത്ത അയച്ചുതരുക എന്ന് ഒരു പത്രാധിപർ സമ്മതിച്ചിരുന്നാൽ കമ്പിവാർത്ത അയച്ചുകൊടുക്കുക; അതു പ്രസിദ്ധപ്പെടുത്തിയാലും ഇല്ലെങ്കിലും, പ്രതിഫലം അയച്ചുതരും. ഇങ്ങനെ പല പത്രങ്ങൾക്കു പല പ്രകാരത്തിലുള്ള കമ്പി അയയ്ക്കേണ്ടിയിരുന്നാൽ, പ്രസംഗങ്ങൾ ചുരുക്കെഴുത്തിൽ കുറിച്ചെടുക്കുമ്പോൾ സാരഭാഗങ്ങളെ പ്രത്യേകം അടയാളപ്പെടുത്തിക്കൊള്ളുന്ന സമ്പ്രദായം സൗകര്യസമ്പാദകമായിരിക്കും. ഓരോ വിധത്തിലേയ്ക്കു വേണ്ടത് ഓരോ പ്രകാരത്തിൽ അടയാളപ്പെടുത്തുന്നതായാൽ, തീരെ ശ്രമം കൂടാതെ ഒരേ കാലത്തുതന്നെ എല്ലാറ്റിന്നും കമ്പി അയയ്ക്കുവാൻ സാധിക്കും. പ്രതിഫലത്തിന്നു പുറമെ, കമ്പി അയയ്ക്കുന്ന വക ചെലവും പത്രാധികാരി തരും. ചിലപ്പോൾ, അകാലങ്ങളിൽ കമ്പി അയയ്ക്കേണ്ടിവന്നാൽ വിശേഷാൽ കൂലി കൊടുക്കേണ്ടിവന്നേക്കും; ഈ കാര്യങ്ങളൊക്കെ ഇംഗ്ലീഷ് പത്രങ്ങളുടെ വിഷയത്തിൽ ഉള്ളവയാണ്; മലയാളപത്രങ്ങൾക്ക് ഇതിലേയ്ക്കുള്ള ഭാഗ്യം ഇപ്പോൾ ഉണ്ടായിട്ടില്ല; മേലിൽ ഉണ്ടാകുമെന്നു ആശിക്കാം.

പത്രങ്ങൾക്കു ലേഖനങ്ങൾ എഴുതിക്കൊടുക്കുന്നവർ രണ്ടിനമായി പിരിയുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ: ഒന്നു, പത്രകാര്യാലയത്തിൽത്തന്നെ, മാസപ്പടിക്കാരായി പണിയെടുക്കുന്നവർ; മറ്റൊന്ന്, ഇങ്ങനെ പത്രകാര്യാലയത്തിൽ ഇരുന്നു പണിയെടുക്കാത്തവരായും, പത്രത്തിന്നു ലേഖനമെഴുതി സഹായിച്ച് അതിന്നു മാത്രമുള്ള പ്രതിഫലം