താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/15

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇംഗ്ലാണ്ടു മുതലായ പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥ വിചാരിച്ചാൽ, പത്രപ്രവർത്തനകാര്യത്തിൽ 'ജൂനിയർ റിപ്പോർട്ടർ' എന്ന കുട്ടിത്തരം വൃത്താന്തനിവേദകന്നു, ഒരാഴ്ചവട്ടത്തിൽ, ചുരുങ്ങിയതു പതിനഞ്ചുറുപ്പിക പ്രതിഫലം ലഭിക്കാം; ഈ പണിക്കാരൻ ക്രമേണ ഉയർന്നു പത്രാധിപരായിത്തീരാൻ സാധിക്കായ്കയില്ല; പത്രാധിപരുടെ സ്ഥാനത്തിരുന്ന് ഒരു പധാനമന്ത്രിയുടെ മാസപ്പടി ലഭിപ്പാനും കഴിയുന്നതാണ്. പക്ഷേ, ഇതു സാധാരണമായി സാമാന്യക്കാർക്കും സുസാധമല്ലെന്നു വരാം; എങ്കിലും അവർക്കു വൃത്താന്ത നിവേദനപ്രവൃത്തിയിൽ നൂറു നൂറ്റമ്പതുറുപ്പിക വരെ ഒരാഴ്ചവട്ടത്തിൽ ആദായം ലഭിപ്പാൻ സാധിക്കുന്നതാണ്. ഇതു തീരെ നിസ്സാരമല്ലല്ലോ. മലയാളത്തിൽ പത്രത്തൊഴിലുകാരന്ന്,--ഈ തൊഴിലിലെ കോവേണിയുടെ മുകൾപ്പടിയിൽ എത്തിയിരിക്കുന്ന പത്രാധിപർക്കുകൂടിയും ഒരു മാസത്തിൽ നൂറുറുപ്പിക പ്രതിഫലം കിട്ടുവാൻ കഴിയുന്ന കാലം ഇനിമേൽ ഉണ്ടാകണം; ഇന്നോളം ഉണ്ടായിട്ടില്ല. നിശ്ചയം; ഇനിമേൽ ഉണ്ടാകും എന്ന് ആശിപ്പാൻ തൊഴിലിന്റെ ഇപ്പോഴത്തെ നില ഉറപ്പുതരുന്നതുമില്ല. തൊഴിലിന്റെ നിലയോ, തൊഴിൽക്കാരനെ ആശ്രയിച്ചിരിക്കുന്നതാണല്ലോ. പത്രത്തൊഴിലിൽ കടന്നുകൂടീട്ടുള്ളവരിൽ എത്രപേർ ആ തൊഴിലിന്റെ പ്രവൃത്തിസിദ്ധാന്തങ്ങളെ ഗ്രഹിച്ചിട്ടുണ്ട്? അതിലേയ്ക്കു ആവശ്യകമായ യോഗ്യതകളിൽ ഏതേതെല്ലാം അവർക്കുണ്ട്? ഈ യോഗ്യതകൾ തന്നെ എന്താണ്? പ്രവൃത്തിയുടെ സമ്പ്രദായങ്ങളും?