കായികാഭ്യാസക്കളികൾ, പന്തുകളി മുതലായവയെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കേണ്ടിയിരുന്നാൽ, മുമ്പത്തെകുറി എന്തൊക്കെ, എങ്ങനെ, നടന്നിരുന്നു എന്ന് പത്രത്തിന്റെ മുൻലക്കങ്ങൾ വായിച്ചു മനസ്സിലാക്കുക. ഓരോ വക കളികളും ഇന്നയിന്ന സമയങ്ങളിൽ നടന്നു, ഇന്ന ആളുകൾ ജയിച്ചു, ഇന്ന ആളുകൾ ചേർന്ന് യോഗ്യതാനിർണ്ണയം ചെയ്തു, ഇന്നയിന്ന സമ്മാനങ്ങൾ നിശ്ചയിച്ചു എന്നിവയെല്ലാം എഴുതണം. എല്ലാ മുഖ്യവിവരങ്ങളും അടക്കിയിരിക്കേണ്ടതാവശ്യം; കളിക്കാരിൽ പ്രഖ്യാതന്മാരായി ആരെങ്കിലുമുണ്ടായിരുന്നാൽ അവരുടെ പേരുവിവരവും പറയണം. ഓരോ കളിക്കും അതിന്ന് പ്രത്യേകമായ പേരുകൾ ഉണ്ടായിരിക്കും. ഇവയെ ശരിയായി മനസ്സിലാക്കിയിരിക്കണം. കളിയെപ്പറ്റി എഴുതുമ്പോൾ, കളിക്കാർ ഉപയോഗിക്കുന്ന സാങ്കേതികപദങ്ങൾ പ്രയോഗിക്കുന്നതിന്നുപകരം ലേഖകന്ന് തോന്നിയതെഴുതിയാൽ, റിപ്പോർട്ട് നിഷ്പ്രയോജനമായിത്തീരും.
കൃഷിപ്രദർശനത്തിൽ പലേ കൗതുകകരമായ സംഗതികളുണ്ട്. മുമ്പത്തെ കുറി നടന്ന പ്രദർശനത്തിന്റെ വിവരങ്ങൾ പത്രത്തിൽ പ്രസ്താവിച്ചിരുന്നുവെങ്കിൽ, അവ വായിച്ചുനോക്കുക. കാഴ്ചസ്സാധനങ്ങൾ, സമ്മാനവിവരങ്ങൾ, മുതലായവയെപ്പറ്റി, വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ, അത് കുറിച്ചെടുക്കുക. പ്രദർശനശാലയിൽ കാലേക്കൂട്ടി എത്തുക; സ്വാഗത വചനങ്ങളോ മുദ്രാവാക്യങ്ങളോ ഏഴുതിപ്പറ്റിച്ചിരുന്നാൽ, അതുകൾ കുറിച്ചെടുക്കുക; പിന്നെ, നേരെ, പ്രദർശനകാര്യദർശിയുടെ അടുക്കലേക്കു പോവുക; കാഴ്ചസ്സാധന വിവരങ്ങൾക്കും മറ്റും പട്ടിക തയ്യാറാക്കിയിരുന്നാൽ ഒരു പ്രതി വാങ്ങുക. കഴിഞ്ഞ കൊല്ലങ്ങളിലെ പ്രദർശനങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തേത് എത്ര വ്യത്യാസപ്പെട്ടിട്ടുണ്ടെന്ന് കാര്യദർശിയോടു ചോദിച്ചറിയുക. ഇതു നിർണ്ണയിപ്പാൻ കണക്കുകളുണ്ടെങ്കിൽ, കുറിച്ചെടുക്കുക. ഏതേതു വകുപ്പുകളിൽ അഭിവൃദ്ധിയുണ്ടായിട്ടുണ്ടെന്നും, ഏതേതിൽ താഴ്ചയാണെന്നും, ഇവയുടെ കാരണമെന്തെന്നും അന്വേഷിക്കുക. കാഴ്ചപ്പന്തലിൽ ചുറ്റിനടന്ന് ഓരോ ഭാഗത്തും കാണുന്ന വ്യവസ്ഥകളുടെ വിവരങ്ങൾ കുറിക്കുക. ഓരോ വകുപ്പും വിസ്തരിച്ചെഴുതാനാണ് വിചാരമെങ്കിൽ, അതതു