വിശേഷയോഗ്യതകൾ
വൃത്താന്തപത്രപ്രവർത്തനത്തിലേക്കു വർത്തമാനങ്ങൾ ശേഖരിച്ച് അറിയിക്കുന്ന 'റിപ്പോർട്ടർ' എന്ന വൃത്താന്തനിവേദകൻ തുടങ്ങി, ലേഖനങ്ങളൊക്കെ നോക്കി പ്രസാധനം ചെയ്തു പത്രത്തിന്റെ നയത്തെ പരിപാലിച്ചുകൊള്ളുന്ന പത്രാധിപൻവരെ, പലേ ജോലിക്കാരും, 'അനധ്യായം' കൂടാതെ പല പ്രകാരത്തിലും പല പ്രകാരത്തിലും പല തരത്തിലും ക്ലേശങ്ങൾ സഹിക്കുന്നതിന്നു തക്കവണ്ണം അവർക്കു പതിഫലം ലഭിച്ചില്ലെന്നു വന്നാലും, അവരുടെ പ്രവൃത്തിക്കൊപ്പം രസകരമായി മറ്റു വല്ല പണിയും ഉണ്ടോ എന്നു സംശയമാണ്. ലോകത്തിന്റെ ഗതിഭേദങ്ങളെ ഉടനുടൻ അറിവാനും, പലേ ആളുകളുമായി പരിചയപ്പെടുവാനും, പത്രപ്രവർത്തനുള്ളെടത്തോളം സൗകര്യം മറ്റൊരാൾക്കില്ലതന്നെ. മദ്യപിച്ചു നിരത്തിൽ കടന്നു 'ലഹളവയ്ക്കുന്ന' 'വികൃതി'കളുടെ 'പേക്കൂത്തുകൾ' കണ്ടു അതിൽനിന്നു വല്ല 'വർത്തമാന'വും ഉണ്ടാക്കാൻ കഴിയുമോ എന്നു മനസ്സു 'ചുഴിയുന്ന' വൃത്താന്തനിവേദകന്, ലോകസ്വഭാവങ്ങളേയും പ്രകൃതിയുടെ വികൃതികളെയും അഭിമുഖമായി കാണ്മാൻ സാധിക്കുന്നതിന്നൊപ്പം, ലേഖകന്മാരുടെ വർത്തമാനക്കത്തുകളെയും വിമർശലേഖനങ്ങളെയും മുഖപ്രസംഗമെഴുത്തുകാരുടെ ഉപന്യാസങ്ങളെയും പരിശോധിച്ച് ഓരോരോ ആളുകളുടെ മനോധർമ്മങ്ങളെ സാരനിർണ്ണയം ചെയ്യുന്ന പത്രാധിപന്മാർക്കു ലോകത്തെ മുഖത്തോടുമുഖം കാണ്മാൻ സാധിക്കയില്ലെന്നിരുന്നാലും, അവർക്കാർക്കും എന്നും ഒരേ കാര്യത്തെപ്പറ്റി തന്നെ ചിന്തിച്ചുകൊണ്ടിരുന്നു മുഷിയേണ്ടതായിട്ടില്ലാ. ഓരോ മണിക്കൂറിലും പുതിയ പുതിയ സംഗതികൾ അവരുടെ ശ്രദ്ധയ്ക്കു വിഷയമായിത്തീരുന്നതുകൊണ്ടു, ജീവിതത്തിന്ന് എപ്പോഴും പുതുമയും, അനുഭവയോഗ്യതയും തോന്നുന്നതാണ്. എന്നാൽ, ഈ തൊഴിലുകൾ നടത്തുന്ന ഇവർക്ക്, ആരംഭത്തിൽ വിശാലമായ വിദ്യാഭ്യാസം വല്ലതും ഉണ്ടായിരുന്നിട്ടാണോ, ലോകത്തെ ഒക്കെ ഗ്രഹിപ്പാൻതക്ക സാമർത്ഥ്യം ഇവർക്കുണ്ടായിട്ടുള്ളത്? നിശ്ചയമായും പത്രപ്രവൃത്തിയിൽ കീർത്തിനേടീട്ടുള്ളവരിൽ അനേകം പേർ, ഉന്നതമായ വിദ്യാഭ്യാസം സിദ്ധിച്ചവർ