മലയാളപത്രപ്രവർത്തനത്തൊഴിൽ അതിനുതക്കവണ്ണം പരിഷ്കാരപ്പെട്ടിട്ടില്ലായ്കയാലായിരിക്കാം. അവസരംപോലെ കിട്ടുന്ന വർത്തമാനങ്ങളെ, ത്യാജ്യഗ്രാഹ്യവിവേചനം ചെയ്യാതെ എഴുതിക്കൂട്ടി വർത്തമാനക്കത്തുകൾ ഉണ്ടാക്കി അയച്ചു തൃപ്തിപ്പെടുന്ന ലേഖകൻമാരും, പണം കൊടുത്തു റിപ്പോർട്ടർമാരെ നിയമിപ്പാൻ തക്ക ധനശക്തിയില്ലാത്ത പത്രങ്ങളും, മലയാളസൂത്രലിപിയുടെ പ്രചാരത്തിനു സഹായമായിരിപ്പാൻ ഇടയുണ്ടെന്ന് തോന്നുന്നില്ല. എന്നാലും മലയാളപത്രങ്ങൾ മലയാളസൂത്രലിപി അഭ്യസിച്ച വൃത്താന്തനിവേദകന്മാരെക്കൊണ്ടു അലങ്കരിക്കപ്പെടുന്നതിനു ഒരു കാലം ഉണ്ടാകുമെന്നു ആശിക്കാം. ഇംഗ്ലീഷിൽ ചുരുക്കെഴുത്തു സമ്പ്രദായം ഏർപ്പെടുത്തും മുമ്പ്, ഇംഗ്ലീഷ് പത്രങ്ങളിൽ വാചാപ്രസംഗങ്ങളെ അന്വാഖ്യാനം ചെയ്തിരുന്നത് ഏതു പ്രകാരമോ, അതേപ്രകാരം തന്നെയാകുന്നു മലയാളത്തിലും ഇപ്പോൾ നടത്തിവരുന്നത് എന്നു സമാധാനപ്പെടാം. ധാരണാശക്തി, ഗദ്യരചനാനൈപുണ്യം എന്ന രണ്ടും ആകുന്നു, മലയാളത്തിൽ, പ്രസംഗങ്ങളെ അന്വാഖ്യാനം ചെയ്യാൻ ഇപ്പോൾ ഏകാശ്രയമായിരിക്കുന്നത്. എന്നാൽ ഈ സമ്പ്രദായത്തിന് ഒരു ന്യൂനതയുണ്ട്. പ്രവാക്താക്കളുടെ വാക്കുകളെ പത്രമുഖേന നേരിട്ട് കേൾക്കുവാൻ വായക്കാർക്കു കഴിയുന്നില്ല, എന്ന ഈ ന്യൂനത അഗണ്യമെന്നു പറഞ്ഞുകൂടാ. ചിലപ്പോൾ റിപ്പോർട്ടർമാരുടെ അബദ്ധധാരണ നിമിത്തം പ്രസംഗകർത്താവിന്റെ ആശയങ്ങളെ പത്രവായനക്കാർ ഒന്നിനൊന്നായി ഗ്രഹിക്കേണ്ടി വന്നു എന്നും വരാം.
ചുരുക്കെഴുത്തു സമ്പ്രദായം അഭ്യസിച്ചു നിപുണനായിരുന്നാലും അതുകൊണ്ടു മാത്രം യോഗ്യത തികയുകയില്ല പത്രക്കാരന്റെ കൃത്യം, അന്യന്മാരുടെ വിചാരങ്ങളെയും വാക്കുകളെയും ചേഷ്ടകളെയും യഥായഥം പത്രവായനക്കാർക്കു മനസ്സിലാക്കികൊടുക്കുകയാണ്. ഈ സ്ഥിതിക്ക്, അവന്ന് പലേ വിഷയങ്ങളിലും കുറേശ്ശെ അറിവുണ്ടായിരിക്കുന്നത് പ്രയോജനകരമായിരിക്കും. അവന് ഒരു വിഷയത്തിലും അഗാധജ്ഞാനം സമ്പാദിച്ചിരിക്കേണ്ട ആവശ്യമില്ലാ: എങ്കിലും ഒന്നിലും അജ്ഞനായിരിക്കുന്നതും വിഹിതമല്ല. പ്രദിപാദ്യവിഷയമായിത്തീരുന്ന ഏതൊരാളെയും, ഏതൊരുസംഗതിയേയും, ഈഷൽ