താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/26

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃപ്തിപ്പെടുത്തുവാൻ സാധിക്കയില്ല. ഇവറ്റെക്കാൾ ഒക്കെ മുഖ്യാവശ്യമായത് ആരോഗ്യമാണ്. പത്രക്കാരന്റെ ജോലി ശ്രമമേറിയതാണെന്നു മാത്രം പറഞ്ഞാൽ പോരാ; ചില സമയങ്ങളിൽ, അത്യന്തം ക്ഷീണിപ്പിക്കുന്നതും, ആത്മഹത്യയ്ക്കുകൂടി തുല്യവും ആയ പ്രവൃത്തിയാകുന്നു. റിപ്പോർട്ടർമാർക്കാണ് ഈ കഷ്ടപ്പാടുകൾ ഉണ്ടാവാറുള്ളത്. ചിലപ്പോൾ, നല്ലവണ്ണം കാറ്റു വീയാത്തതായി ആൾ തിങ്ങിയിരിക്കുന്നതായി, വേണ്ടുംവണ്ണം വെളിച്ചം ഇല്ലാത്തതായിട്ടുള്ള പ്രസംഗശാലകളിൽ ചെന്ന് പ്രസംഗങ്ങൾ കുറിച്ചെടുക്കേണ്ടതായി വരും; ചിലപ്പോൾ, വെയിലോ കാറ്റോ മഴയോ സഹിച്ചുകൊണ്ട് ഏറെദൂരം നടക്കേണ്ടതായി വരും; ഒരു യോഗത്തിന്റെ നടപടികൾ കുറിച്ചെടുത്ത ഉടൻതന്നെ, വിശ്രമത്തിന്നോ വിശ്രമകരഭോജനത്തിനോ സമയം ലഭിക്കാതെ, മറ്റൊരു യോഗ നടപടികൾക്ക് ചെന്നെത്തേണ്ടിയിരിക്കും; ചിലപ്പോൾ, അടികലശൽ, ലഹള, തീപ്പിടുത്തം മുതലായ സംഭവങ്ങളുടെ ഇടയിൽ ചെന്നുനിന്ന് വിവരങ്ങൾ കുറിക്കേണ്ടതായി വരാം, ഇവയൊക്കെ കുറിച്ചെടുത്തതിന്റെ ശേഷം കൂടി, രാത്രി വളരെ നേരം ഇരുന്ന് എഴുതേണ്ടിവരും. വെച്ചെഴുതാൻ മേശ ഉണ്ടായിരുന്നില്ലെന്നു വരാം. ആ സമയങ്ങളിൽ കാൽമുട്ടിന്മേലോ, നിലത്തുതന്നെയോ, വെച്ച് എഴുതേണ്ടിവരും. ഇങ്ങനെ പല പല ക്ലേശങ്ങൾ ഉണ്ടാകാം. ഇവ ഒക്കെ സഹിക്കുന്നതിനു തക്ക മെയ്ക്കരുത്തും മനക്കരുത്തും കൂടിയേ തീരൂ. ആരോഗ്യമില്ലാത്തവനാണ് പത്രക്കാരൻ എന്നിരുന്നാൽ, അവന്നു അധികനാൾ പണിയെടുപ്പാൻ സാധിക്കയില്ലാ. അല്പദിവസംകൊണ്ടു അവന്റെ ശരീരം തകർന്നുപോയേക്കും. ഇങ്ങനെയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടായാലും ജോലിയിൽ കൂറുള്ളവനാണെങ്കിൽ, അവന്നു മറ്റൊരു വിധത്തിൽ കഷ്ടപരിഹാരം ഉണ്ടാകുന്നതാണ്. അവനു അന്യരുടെ സന്താപത്തിൽ മാത്രമല്ല, സന്തോഷത്തിലും പങ്കുകൊള്ളാം; മറ്റാളുകൾക്കു സ്വാതന്ത്ര്യമായി എവിടെയും കടന്നുചെല്ലാൻ അവകാശം ഇല്ലാതിരിക്കുമ്പോഴും പത്രക്കാരനു തടവുകൂടാതെ കടക്കാം; അവനെ അന്യർ വിശ്വാസപാത്രമായി കരുതി പല സ്വകാര്യങ്ങളും അവനോടു പറയും; അവന്നു പല കാര്യങ്ങളിലും യഥേഷ്ടം സല്ക്കാരങ്ങളും ലഭിക്കും.