താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/29

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം 3
വൃത്താന്താഖ്യാനം


കച്ചേരികളിലും, കോടതികളിലും, കമ്പോളസ്ഥലങ്ങളിലും എന്നു വേണ്ടാ, എങ്ങും നിറയുന്നവൻ അല്ലെങ്കിലും 'നിരങ്ങുന്ന' 'സർവ്വജ്ഞ'നായ വൃത്താന്തനിവേദകനെ ഇംഗ്ലീഷിൽ 'റിപ്പോർട്ടർ' എന്നു വിളിക്കുന്നു. ഈ 'വിരാൾസ്വരൂപം' ആകുന്നു സാക്ഷാൽ പത്രക്കാരൻ. വർത്തമാനപത്രത്തിന്റെ നട്ടെല്ല് എന്നല്ല, ഉല്പത്തിസ്ഥാനം കൂടിയും, റിപ്പോർട്ടറാണ്. മുഖപ്രസംഗമെഴുത്തുകാർക്ക് പ്രസംഗവിഷയങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതും, ഉപപത്രാധിപന്മാരുടെയും പ്രധാന പ്രസാധകന്റെയും പണികൾക്ക് ആധാരമായിരിക്കുന്നതും ഒക്കെ, റിപ്പോർട്ടരാണ്. വൃത്താന്തനിവേദനം എന്ന പ്രവൃത്തി മാത്രം വിചാരിച്ചാൽ, റിപ്പോർട്ടർ, കേവലം ഒരു സ്വനഗ്രാഹിയന്ത്രമോ, പകർപ്പുയന്ത്രമോ ആയിരിക്കാം. എന്നാൽ ഈ പണിക്കാരന്റെ സാമർത്ഥ്യത്തിനു ന്യൂനത ഉണ്ടാകാറുള്ളതുകൊണ്ട്, ഓരോ കാര്യങ്ങളിൽ പ്രത്യേകം വിദഗ്ദ്‌ധന്മാരും പത്രപ്രവർത്തനത്തിന് ആശ്രയമായിത്തീർന്നിരിക്കുന്നു. എന്നാലും, റിപ്പോർട്ടറുടെ പ്രവൃത്തിക്ക് അധികാര അതിർത്തിയില്ല; അവന്ന് ഏതു കാര്യത്തിലും പ്രവേശിപ്പാൻ അവകാശമുണ്ട്.

പത്രപ്രവർത്തനത്തൊഴിൽ ശീലിപ്പാനായി ഒരു പത്രകാര്യാലയത്തിൽ പ്രവേശിച്ചിരിക്കുന്ന ചെറുപ്പക്കാരന്, ആദ്യമായി, മേല്പറഞ്ഞ വൃത്താന്തനിവേദനം എന്ന പണിയാണ് നിശ്ചയിക്കപ്പെട്ടത് എന്നു വിചാരിക്കാം. അവൻ വാർത്തകൾ സഞ്ചയിക്കേണ്ടത് എങ്ങിനെ? ഒന്നാമതായി ചെയ്യേണ്ടത്, പത്രത്തിന്റെ മുൻ ലക്കങ്ങളെ-അടുത്തുകഴിഞ്ഞ ഏതാൻ ലക്കങ്ങളെയെല്ലാം-ശ്രദ്ധവച്ചു പഠിക്കുകയാകുന്നു. പണിയിൽ പ്രവേശിക്കുന്ന കാലത്ത് തന്റെ പത്രം പുറപ്പെടുന്ന നഗരത്തിൽ എന്തൊക്കെ സംഗതികൾ പൊതുവിൽ ജനങ്ങളെ ആകർഷിച്ചിരിക്കുന്നുണ്ടെന്നും, അതതു കാര്യങ്ങൾ എത്രത്തോളം ആയിട്ടുണ്ടെന്നും, മേലിൽ എന്തു നടക്കുവാൻ ഇടയുണ്ടെന്നും, ഇവയിൽ ഏർപ്പെട്ടിട്ടുള്ള ആളുകൾ ആരൊക്കെയെന്നും, ഇവരുടെ നില