താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/31

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിഷ്കാരണമായും മത്സരബുദ്ധിയായും, ഇടിച്ചെഴുതിയാൽ, ഉണ്ടാകാവുന്ന ഭവിഷ്യത്ത്, നിശ്ചയമായും സ്പൃഹണീയമായോ അനുമോദനീയമായോ ഇരിക്കയില്ല. ചിലർ, കളിക്കാരിൽ ഒന്നുരണ്ടാളെ പ്രത്യേകിച്ചു സ്തുതിക്കുകയും, മറ്റുചിലരെപ്പറ്റി ആക്ഷേപം പറകയും ചെയ്യാറുണ്ട്. ഈ സമ്പ്രദായവും തീരെ വർജ്ജിക്കേണ്ടതാണ്. റിപ്പോർട്ടരുടെ കർത്തവ്യം അവിടവിടെ നടക്കുന്നതായ സംഭവങ്ങളെ വാസ്തവാനുരോധേന കഥിക്കുകയാകുന്നു; കളിക്കാരെ ശാസിച്ചു അഭ്യസിപ്പിക്കുകയല്ലാ, അങ്ങനെ ഗുണദോഷനിരൂപണം ചെയ്ത് എഴുതേണ്ട ആവശ്യമുള്ളപ്പോഴും, അത്തരം നിരൂപണം ആവശ്യപ്പെടുന്ന പ്രത്യേക വിഷയപത്രങ്ങൾക്കും, അങ്ങനെയെഴുതാമെന്നതൊഴികെ, സാധാരണ വർത്തമാനപത്രങ്ങളിൽ വാർത്തകൾ എഴുതുമ്പോൾ റിപ്പോർട്ടറുടെ സ്വന്തം അഭിപ്രായങ്ങൾ ചേർക്കുവാൻ ന്യായമില്ല.

പുതിയ റിപ്പോർട്ടർക്ക് ഗൗരവപ്പെട്ട കാര്യങ്ങൾ പലതും പരിചയപ്പെടാനുണ്ട്: ഇവയിൽ മുഖ്യമായത് പോലീസ് മജിസ്ട്രേറ്റ് കേസുകളെക്കുറിച്ച് അന്വാഖ്യാനം ചെയ്യുന്ന സമ്പ്രദായം ആകുന്നു. പോലീസ്-മജിസ്ട്രേറ്റ്-കോടതികളിൽ നിന്ന് അനേകം കാര്യങ്ങൾ ഗ്രഹിപ്പാനുണ്ടാകും; നീതിനിയമജ്ഞാനം കുറെയെല്ലാം സമ്പാദിപ്പാൻ കഴിയും; അതതു കേസുകളിൽ കുടുങ്ങുന്ന ആളുകളുടെയും, വ്യവഹരിക്കുന്ന വക്കീലന്മാരുടെയും, സാക്ഷികളുടെയും സ്വഭാവഗതികളെയും ജീവിതങ്ങളെയും കുറിച്ച് അറിവാനും ആ വഴിക്ക് ലോകകാര്യങ്ങളിൽ പരിചയം അധികമുണ്ടാവാനും ഇടയാകുന്നു. 'കുട്ടിത്തരം' റിപ്പോർട്ടർക്കു മജിസ്ട്രേറ്റ് കോടതികളിലെ എല്ലാ കേസുകളെയും പറ്റി 'റിപ്പോർട്ടു' ചെയ്യേണ്ട ആവശ്യമില്ല; വളരെ പ്രധാനപ്പെട്ടവയേ വേണ്ടു. ഇവയിൽ കൂടിയും, കുറെ കുഴക്കുള്ള കേസുകളിൽ, പഴമപരിചയക്കാരായ റിപ്പോർട്ടർമാർക്കല്ലാതെ, കുട്ടിത്തരക്കാർക്ക് പ്രവൃത്തി എളുപ്പമല്ല. അത്തരം കേസുകളിൽ പഴമപരിചയക്കാർ ഏതുവിധമാണ് അന്വാഖ്യാനം ചെയ്യുന്നതെന്ന് നോക്കി പഠിക്കയാണ് കുട്ടിത്തരക്കാരൻ ചെയ്യേണ്ടത്.

മജിസ്ട്രേറ്റ് കോടതികളിൽ കേസ് ചെന്നാൽ ഉടൻ റിപ്പോർട്ടർ അതിന്റെ വിവരങ്ങൾ എല്ലാം കുറിച്ചെടൂക്കണം.