തെറ്റിദ്ധരിപ്പിക്കത്തക്ക തലവാചകം കൊടുക്കരുത്. ഒരുവന്റെ പേരിൽ അപകീർത്തിപ്പെടുത്തൽകുറ്റം ആരോപിച്ച് കേസ്സു നടന്നുകൊണ്ടിരിക്കെ, ആ കേസുവിവരത്തിനു "അപകീർത്തിപ്പെടുത്തൽ" എന്നുമാത്രം തലവാചകം വെയ്ക്കുന്നതു യുക്തമല്ല; ഇതു പക്ഷേ, അപരാധവുമായിരിക്കും. ഈ തലവാചകത്തിൽ കേസിന്റെ വാസ്തവം അന്യായഭാഗത്തുനിന്ന് സങ്കടപ്പെട്ടിരിക്കുന്നതിന്മണ്ണമാണെന്നു, വായനക്കാർക്കു, ഏകപക്ഷാവലംബമായ അഭിപ്രായം ഉണ്ടായിപ്പോയേക്കും. അതിനാൽ 'അപരാധാരോപണം' എന്നോ, മറ്റോ, വേണം പറവാൻ. ഈ കാര്യം സൂക്ഷിച്ചു ചെയ്തുകൊണ്ടാൽ, തലവാചകം വായനക്കാരെ ആകർഷിക്കത്തക്ക ഏതെങ്കിലും വാക്കുകളിൽ ആകാം; തെറ്റിദ്ധാരണയ്ക്കു കാരണമാകരുതെന്നേ നിഷ്കർഷിക്കേണ്ടതുള്ളു. പിന്നെ, കരുതേണ്ടത്, റിപ്പോർട്ടിന്റെ സമ്പ്രദായമാണ്. ഏതു സംഗതിയെക്കുറിച്ചും റിപ്പോർട്ടറുടെ നില നിഷ്പക്ഷപാതിയും നിർമ്മത്സരനുമായ ഒരു ന്യായാധിപന്റെ നിലയായിരിക്കണം. ഒരു കക്ഷിക്കു മനഃപൂർവ്വം ദൂഷ്യം വരുത്തുവാനോ, മറ്റൊരു കക്ഷിയെ പക്ഷപാതത്താൽ സഹായിപ്പാനോ, റിപ്പോർട്ടർ ഒരുങ്ങരുത്. കേസിന്റെ വിവരങ്ങൾ എല്ലാം ഭേദവിചാരം കൂടാതെ പ്രസ്താവിക്കണം; പ്രധാനപ്പെട്ട വിവരങ്ങൾ മതി. ഇരുഭാഗങ്ങളിലെയും വാദങ്ങൾ കുറിച്ചിരിക്കണം; കാര്യസാരം വിട്ടുകളകയുമരുത്. ഇവ സവിസ്തരമായിരിക്കേണ്ട; സംക്ഷിപ്തമായിരുന്നാൽ മതിയാകും. പത്രപംക്തിയിൽ എത്രവരികൾക്കകമടങ്ങിയിരിക്കണമെന്നു മുകൂട്ടി നിശ്ചയമുണ്ടായിരുന്നാൽ, അതിന്നു തക്കവണ്ണം ചുരുക്കിപ്പറയാവുന്നതാണ്. സംഗ്രഹിക്കുന്നത് റിപ്പോർട്ടറുടെ സാമർത്ഥ്യമനുസരിച്ചിരിക്കും. ഒരു കേസിൽ ഒരു പക്ഷക്കാരെ മനപൂർവ്വം ദൂഷ്യപ്പെടുത്തുവാൻ തക്കവണ്ണം, ആ പക്ഷത്തിന്റെ ന്യായങ്ങളെ പ്രസ്താവിക്കാതെയും, മറുകക്ഷിയുടെ വാദങ്ങളെ വിസ്തരിച്ചും, വായനക്കാർക്കു അയഥാർത്ഥബോധമുണ്ടാക്കുന്ന പ്രകാരത്തിലുള്ള റിപ്പോർട്ടുകൾ എഴുതി പ്രസിദ്ധപ്പെടുത്തിയാൽ തന്റെ പത്രത്തിന്റെ പേരിൽ നഷ്ടപരിഹാരക്കേസുകൂടി ഉണ്ടായേക്കാമെന്നു റിപ്പോർട്ടർ ഓർത്തിരിക്കേണ്ടതാണ്.
താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/34
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു