താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/4

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്തിരുന്നു. എങ്കിലും, പത്രങ്ങൾക്കു കടലാസൊന്നിനു ഒരു പെനി വീതം തീരുവ ചുമത്തുന്നതായി സ്റ്റാമ്പാക്റ്റ് ഉണ്ടായതുവരേ അതു നിലനിന്നു ആ ആക്റ്റ് നിമിത്തം 1712 ജൂലൈ 29-ാം തീയതി "റിവ്യു" പത്രം കൊഴിഞ്ഞുവീണു. റിവ്യുവിന്റെ ചരമത്തിനു മുമ്പ് 1709 ഏപ്രിൽ 12-ാം തീയതി, സ്റ്റീൽ എന്നും അഡിസൻ എന്നും പേരായ സാഹിത്യകാരകൻമാർ ചേർന്ന് "ടാറ്റ്ലർ" എന്ന ഒരു പത്രിക പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ മുഖ്യപ്രവർത്തകൻ സ്റ്റീൽ ആയിരുന്നു. അക്കാലത്ത് ജനങ്ങളുടെ സമുദായാചാരങ്ങൾ മുതലായ നടപടികൾ ഏറെക്കുറെ ദൂഷ്യപ്പെട്ടിരുന്നതുകണ്ട് ആവക സംഗതികളെ പരിഷ്കരിപ്പാൻ ഉദ്ദേശിച്ച് പലേ ഉപന്യാസങ്ങൾ അതിൽ എഴുതിവന്നിരുന്നു; വർത്തമാനങ്ങളും ചേർത്തിരുന്നു. സാഹിത്യരസികത്വം കുറഞ്ഞിരുന്നുവെങ്കിലും വായനക്കാർക്ക് ഹിതകരമായ ഉപന്യാസങ്ങൾ അടങ്ങിയിരുന്ന ഈ പത്രിക 1711 ജനുവരി മാസത്തിൽ നാമാവശേഷമായി. അനന്തരം, രണ്ടു മാസം കഴിഞ്ഞു രണ്ടാളുംകൂടി "സ്പെക്ടേറ്റർ" എന്ന പത്രിക പുറപ്പെടുവിച്ചു. ഇതിലും അക്കാലത്തെ സമുദായ നടപടികളെ വിഷയീകരിച്ചുള്ള ഉപന്യാസങ്ങളായിരുന്നു മുഖ്യമായി ചേർത്തിരുന്നത്. എന്നാൽ സാഹിത്യകാര്യത്തിൽ സരസനായ അഡിസന്റെ പ്രഭാവം അധികമായിരുന്നതുകൊണ്ട് സ്പെക്ടേറ്റർ ടാറ്റ്ലറെക്കാൾ അധികം ജനപ്രീതികരമായിരുന്നു. ഈ രണ്ടു പത്രികകളാലും ഉപന്യാസമെന്ന സാഹിത്യവിഭാഗത്തിന്ന് അഭിവൃദ്ധി ഉണ്ടായതിന്നും പുറമെ, അക്കാലത്തെ രാജഗൃഹമര്യാദകളേയും സാമുദായികാചാരങ്ങളേയും ശുദ്ധീകരിക്കുവാനും, ഇംഗ്ലീഷു സാഹിത്യത്തിൽ 'നോവൽ' എന്ന ആഖ്യായികയുടെ രൂപത്തിനും പരിപൂർത്തിവരുത്തുവാനും സാധിച്ചിരുന്നു. സ്റ്റീലും അഡിസനും കൂടിച്ചേർന്നു നടത്തിയ 'ഗാർഡിയൻ': പിന്നെ 1731-ൽ എഡ്വർഡ് കേവ് പുറപ്പെടുവിച്ച ജെന്റിൽമാൻസ് മാഗസിൻ; ഡാക്ടർ ജാൺസൺ 1750-ൽ നടത്തിയ 'റാംബ്ലർ'; ഇതിനിടയ്ക്ക് 1739 മുതൽ 1752 വരെ നടന്നിരുന്ന 'ചാമ്പിയൻ'; 'ട്രൂപേട്രിയറ്റ്'; ഹേക്ക്സ്‌വോർത്ത് എന്ന ആൾ നടത്തിയ 'അഡ്വെൻചുറർ'; സ്മാളെറ്റിന്റെ അധീനതയിൽ ജനഹിതവിരോധിയായ ഒരു മന്ത്രിയെ സഹായിപ്പാൻ 1762-ൽ തുടങ്ങിയ 'ബ്രിട്ടൻ'; അതിന്നെതിരായി അക്കൊല്ലംതന്നെ