താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/46

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോടതി, റവന്യൂകച്ചേരി, ആശുപത്രി, തീവണ്ടി ആപ്പീസ്, മറ്റു പൊതുവക സ്ഥപനങ്ങൾ-ഇങ്ങനെ നാനാസ്ഥലങ്ങളിലും ചെന്ന്, അവയിലെ ജീവനക്കാരുമായി സംഭാഷണം ചെയ്ത്, പുതിയ വാർത്തകൾ ഗ്രഹിപ്പാൻ എപ്പോഴും താല്പര്യത്തോടുകൂടിയിരിക്കണം. ആ ജീവനക്കാരെ അവരുടെ ആപ്പീസുകളിൽ ചെന്നു കാണുന്നതു യുക്തം അല്ലെന്നിരിക്കുമ്പോൾ, അവരുടെ ഗൃഹങ്ങളിൽ പോയി അവരുടെ അവസരം നോക്കിക്കണ്ടു സംസാരിക്കണം. ചിലർ യാതൊരു ഭയവും കൂടാതെ, വാർത്തകൾ പറയുന്നുണ്ടായിരിക്കും; ചിലർ ഭയശീലന്മാരായിട്ടു തുറന്നു പറകയില്ല. മറ്റുചിലർ വാസ്തവത്തെ മറച്ചുവെയ്ക്കും; വേറെ ചിലർ മനഃപൂർവ്വം വാസ്തവത്തിന്നു വിപരീതമായി പറയും; ഇനിയും ചിലർ കേൾവിയെ മാത്രം അധിഷ്ഠാനമാക്കിക്കൊണ്ട് അവ്യക്തമായി വല്ലതും പറയും. ഇത്തരത്തിൽ പല മാതിരി ആളുകളോടൊക്കെ സംസാരിച്ചുവേണം വാസ്തവം ഇത്ര, അവാസ്തവം ഇത്ര, എന്നു വിവേചിപ്പാൻ തക്ക ബുദ്ധികൗശലം റിപ്പോർട്ടർക്കു ഇല്ലെന്നിരിക്കിൽ, അവനും പത്രവും എത്ര എളുപ്പത്തിൽ അബദ്ധക്കുണ്ടിൽ പതിക്കുന്നതാണ്! ആളുകളുടെ സ്വഭാവങ്ങളെ മനസ്സിലാക്കാനുള്ള ബുദ്ധിചാതുര്യം റിപ്പോർട്ടർക്ക് ഉണ്ടായിരുന്നാൽ, അബദ്ധത്തിൽ ചെന്നു ചാടുകയില്ല. വാസ്തവം പറയുന്ന ശീലമുള്ളവരോടു പ്രശ്നം ചെയ്യുമ്പോൾ ഉടൻ മറുപടി കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടാം; സന്ദേഹപ്പെടാൻ ആവശ്യമില്ല. തുറന്നുപറയാൻ മടിക്കുന്നവരോടു കുറേക്കൂടെ പ്രശ്നങ്ങൾ ചെയ്ത് വാസ്തവങ്ങൾ ഒക്കെ പുറമെ വരുത്താം. ചിലരോടു കുറെ അധികം സംസാരിക്കേണ്ടിവന്നേക്കും ഒരു സംഗതിയെപ്പറ്റി അല്പസ്വല്പം വല്ല അറിവും കിട്ടിയിരുന്നാൽ മുഴുവൻ അറിവാനും വാസ്തവനിർണ്ണയം ചെയ്യാനും, ചില തരക്കാരോടു താൻ കേട്ടിട്ടുള്ളതിന്ന് നേരെ വിപരീതമായ ഒരു സംഭവത്തെ സംഭാവനം ചെയ്തുംകൊണ്ടു പ്രശ്നം ചെയ്യേണ്ടതായിരിക്കും. ചിലരോടു ഇല്ലാത്ത സംഗതികളെപ്പറ്റി ചോദിക്കുമ്പോൾ അവർ ആ അവാസ്തവ സംഗതി പത്രത്തിൽ കാണരുതല്ലോ എന്നു വിചാരിച്ചു, വാസ്തവം കൊണ്ടു അവാസ്തവത്തെ നിഷേധിക്കും. ചിലരോടു സ്വകാര്യസംഗതികളേപ്പറ്റി സംസാരിക്കാൻ ഏർപ്പെട്ടിട്ട്