ഒരു വർത്തമാനക്കുറിപ്പ് ഏതു രീതിയിലെങ്കിലും എഴുതിത്തള്ളിയാൽ മതിയെന്നു വിചാരിക്കരുത്; ഒരു ഉപന്യാസത്തെ എത്ര വിചിത്രമായ രീതിയിൽ രചിക്കേണമെന്ന് നിഷ്കർഷയുണ്ടോ, അതിന്മണ്ണം തന്നെ, ഒരു ചെറിയ വർത്തമാനക്കുറിപ്പും വിചിത്രബന്ധമായിരിക്കണം ചിത്രമെഴുത്തുരവിവർമ്മത്തമ്പുരാന്റെ ചിത്രപടങ്ങളെ കാണുമ്പോൾ മനസ്സിന് എന്തൊരു ആഹ്ലാദം, ഉണ്ടാകുന്നുവോ അതേപ്രകാരം ഉള്ള ഒരു ആഹ്ലാദം, ഒരു നല്ല ഉപന്യാസം വായിക്കുമ്പോഴും, ഉണ്ടാകേണ്ടതാണ്. അദ്ദേഹത്തിന്റെ ചിത്രമെഴുത്ത് വിദ്യാനൈപുണ്യത്തിനൊപ്പം, ഉപന്യാസകർത്താവിന്നു ഗദ്യരചനാനൈപുണ്യം ഉണ്ടായിരിക്കണം. അദ്ദേഹം ഒരു ചിത്രപടത്തിൽ ഒരറ്റത്തു ഒരു ചെറിയ താമരപ്പൂവോ ലതയോ വരച്ചാൽ അതുകൂടി മനോജ്ഞമായിരിക്കുന്നുവെങ്കിൽ, പത്രത്തിലെ ഒരു വർത്തമാനക്കുറിപ്പിനേയും മനോജ്ഞം ആക്കുവാൻ കഴിയുന്നതാണ്. ചിത്രലേഖനത്തിനൊപ്പംതന്നെ പത്രലേഖനവും ഒരു കലാവിദ്യയാണെന്നു ധരിക്കേണ്ടതും, ആ വിദ്യയുടെ പ്രഖ്യാതിക്കുതന്നെ പത്രലേഖകന്മാർ ശ്രമിക്കേണ്ടതും ആകുന്നു. ചിത്രലേഖകൻ ഒരാളുടെ സ്വരൂപം വരക്കുമ്പോൾ, കണ്ണ്, മൂക്ക്, ചെവി മുതലായ അംഗങ്ങൾക്കു ഉചിതമായ പരിമാണങ്ങളെ നിശ്ചയിക്കുന്നു; അതിന്മണ്ണം, പത്രലേഖകന്മാരും തങ്ങളുടെ ലേഖനങ്ങളിലെ വിഷയവിഭാഗങ്ങൾക്കു തമ്മിൽ ചേർച്ചയുണ്ടായിരിപ്പാൻ ശ്രദ്ധവെക്കണം. ചിത്രലേഖകൻ ഒരു സ്വരൂപത്തിന്നു കയ്യോ, കാലോ, കണ്ണോ, മൂക്കോ, മറ്റു ഏതെങ്കിലുമൊരു അംഗമോ ഇല്ലാതെ വരച്ചുവെച്ചാൽ അതു എത്ര ദുർദ്ദർശനമായി കാണുമോ, അതിന്മണ്ണംതന്നെ ഒരു പത്രലേഖകൻ തന്റെ ഉപന്യാസത്തെ വിഷയപരിപൂർത്തിവരുത്താതെ എഴുതിയാൽ, അതു വായിപ്പാൻ കൊള്ളരുതാത്തതായിത്തീരുന്നു. പിന്നെയും ഒരു ചിത്രലേഖകൻ തന്റെ വർണ്ണങ്ങളെ ചേരുംപടി ചേർത്തിട്ടില്ലെങ്കിൽ ആ ചിത്രം വാസ്തവത്തെ പ്രതിബിംബിക്കാത്തതായോ, മറ്റൊന്നിനെ ആശങ്കിപ്പിക്കുന്നതായോ വരാവുന്നതുപോലെ, ഒരു പത്രലേഖകൻ തന്റെ വാക്യങ്ങളിൽ ഉചിതപദങ്ങളെയല്ലാ പ്രയോഗിച്ചിരിക്കുന്നതെങ്കിൽ, വർത്തമാനത്തിന്റെ സ്വഭാവം മാറിയോ മറിഞ്ഞോ അർത്ഥമായേക്കുമെന്നും ഓർമ്മവെക്കേണ്ടതാണ്. മാതൃകയായ ഒരു
താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/50
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്