താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/51

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഖണ്ഡലേഖനത്തിൽ, പറയേണ്ട സംഗതികളെയൊക്കെ, സംഭവക്രമത്തിൽ, ഉചിതപദങ്ങളാൽ, പറഞ്ഞിരിക്കണം; വാക്യങ്ങൾ സംക്ഷിപ്തങ്ങളായുമിരിക്കണം; വാക്കുകളെ ചുരുക്കുക നിമിത്തം അർത്ഥത്തിനു യാതൊരു ഹാനിയും വന്നിരിക്കരുത്; പരിവാഹിത്വദോഷത്തെ ഉല്പാദിക്കുമാറുള്ള അനാവശ്യപദങ്ങളോ വാചകങ്ങളോ കൂട്ടിച്ചേർത്തിരിക്കയുമരുത്. കൊച്ചുകുട്ടികൾ ആളാനപൂച്ചകളുടെ രൂപങ്ങളെ ചുമരിൽ വരയ്ക്കുന്ന സമ്പ്രദായം ഇതിലേക്കു പറ്റുകയില്ല; ചിത്രമെഴുത്തുവിദ്യയുടെ പ്രമാണതത്വങ്ങളെ പഠിച്ചുശീലിച്ചിട്ടുള്ളവരുടെ സമ്പ്രദായമാണ് ആവശ്യം; അതിന്നു സാഹിത്യശാസ്ത്രതത്വങ്ങളുടെ അറിവും, എഴുതിശ്ശീലവും ഉണ്ടായാലേ, സാധ്യമാവൂ.

വർത്തമാനക്കുറിപ്പുകൾ എഴുതുന്ന റിപ്പോർട്ടറുടെ സാമർത്ഥ്യത്തെ പരീക്ഷിപ്പാൻ ഉത്തമമായ മാർഗ്ഗം, ചിലപ്പോൾ അകസ്മാൽ സംഭവിക്കാറുള്ള കുതിരപ്പിണക്കം, വണ്ടിമറിഞ്ഞപകടം മുതലായ ആപത്തുകളെ വിവരിച്ചെഴുതുകയാണ്. ഈവക അപകടങ്ങൾ നഗരങ്ങളിൽ സാധാരണമായി സംഭവിക്കാറുണ്ട്. റിപ്പോർട്ടർ ഈ അപകടങ്ങളെപ്പറ്റി ശരിയായ അറിവുകളൊക്കെ ഗ്രഹിച്ചിട്ടുണ്ടോ എന്നും, അതിലെ മുഖ്യകാര്യങ്ങൾ ഇന്നവയെന്നു മനസ്സിലാക്കീട്ടുണ്ടോ എന്നും, അവ വായനക്കാരെ ആകർഷിക്കത്തക്ക രീതിയിൽ എഴുതീട്ടുണ്ടോ എന്നും, ലേഖനം വായിക്കുമ്പോൾ ആ അപകടം വായനക്കാരന്റെ കൺമുമ്പിൽ സംഭവിച്ചതുപോലെ അവനു അർത്ഥഗ്രഹം ഉണ്ടാകുമോ എന്നും വർത്തമാനക്കുറിപ്പുകൊണ്ടു നിർണ്ണയപ്പെടുത്താവുന്നതാണ്. താഴെ ചേർക്കുന്ന ഖണ്ഡലേഖനം നോക്കുക:

"വീണു ഞെരിഞ്ഞു--ചൊവ്വാഴ്ച വൈകിയതിൽ പിന്നെ പുത്തൻകച്ചേരിക്കു സമീപമുള്ള പഴയ റോട്ടിന്റെ തിരിവിൽവെച്ചു ഒരു അപകടം സംഭവിച്ചിരിക്കുന്നു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നതിനാൽ, അപകടം കുറെ ഭയങ്കരമായിട്ടുതന്നെ തീർന്നിരുന്നു. അതിൽപെട്ടവർക്കു ഏറെ കഷ്ടപ്പാടിനും കാരണമായിട്ടുണ്ട്. അപകടം പറ്റിയത് മിസ്റ്റർ ഗോവിന്ദപ്പിള്ളയ്ക്കായിരുന്നു. അപ്പോൾ, മിസ്റ്റർ പിള്ള കച്ചേരി വിട്ടു മടങ്ങിപ്പോകയായിരുന്നു;