താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/56

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏർപ്പെട്ട് ജനതയുടെ ദൃഷ്ടിക്കു വിഷയമായിരിക്കുന്ന ഒരുവന്റെ സ്വകാര്യനടത്ത, പൊതുജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ളതായിരിക്കിൽ, അതിനെപ്പറ്റി പത്രത്തിൽ ആക്ഷേപം പറയേണ്ടതു ജനസമുദായത്തിന്റെ ക്ഷേമത്തിന്ന് അധിഷ്ഠാനമായ ധർമ്മത്തെ രക്ഷിപ്പാൻ ആവശ്യകമാണെന്ന സിദ്ധാന്തം, ശ്രേഷ്ഠന്മാരായ പലേ പത്രപ്രവർത്തകന്മാർ കൈക്കൊണ്ടു നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. ഈ സ്ഥിതിക്ക്, അത്തരം നടത്തയെ വെളിപ്പെടുത്തുന്നതു പത്രമര്യാദയെ ലംഘിക്കുന്ന പ്രവൃത്തിയല്ല. സ്വകാര്യങ്ങൾ പൊലീസധികൃതന്മാരുടെ ശ്രദ്ധയെ അർഹിക്കുന്നവയാണെങ്കിലോ, അവയെ പ്രസ്താവിക്കുന്നതിൽ അധർമ്മശങ്കയേ വേണ്ടാ.