അവർക്കുപകരം താൻ തന്നെ ചിന്തിച്ച്, ചില അഭിപ്രായങ്ങൾ സ്വരൂപിച്ചശേഷം, ആ അഭിപ്രായങ്ങളെ അവരുടെ മനസ്സിലേക്കു തള്ളിക്കയറ്റരുത്. ഈ തത്വം പത്രധിപക്കുറിപ്പെഴുതുന്നവർ ഓർത്തിരിക്കേണ്ടതാകയാൽ ആണ് ഇവിടെ പ്രസ്താവിച്ചത്. പ്രതിപാദിക്കുന്ന സംഗതിയുടെ സാരം എന്തെന്നു വായനക്കാരന്നു എളുപ്പം കാണ്മാൻ സാധിക്കാത്തവിധത്തിൽ ശബ്ദമേഘങ്ങളാൽ മൂടി ഇരുളടച്ച പത്രാധിപക്കുറിപ്പുകൾ പത്രങ്ങളിൽ പലപ്പോഴും കാണാറുണ്ട്; അതുകൾ എഴുതുന്നവർ വായനക്കാരുടെ നിലയിൽനിന്ന് അവയെ നോക്കുന്നതായാൽ, സ്വകൃതികളെപ്പറ്റി ലജ്ജയോ വിസ്മയമോ തോന്നുന്നതാണ്. ഉദാഹരണത്തിനു താഴെ പകർക്കുന്ന ഖണ്ഡലേഖനത്തെ സാരപ്രകാശമാകുംവണ്ണം സംക്ഷേപിച്ചെഴുതാൻ കഴികയില്ലയോ എന്നു പരീക്ഷിക്കാം.
"പൂനയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കൃഷി ശാസ്ത്രകാളേജ് തുറന്ന അവസരത്തിൽ, ഇക്കഴിഞ്ഞ ജൂലൈ 18-ന് ബാംബെ ഗവർണർ ബഹുമാനപ്പെട്ട സർ. ജാർജ് ക്ലാർക്ക് ചെയ്ത സാരവത്തായ പ്രസംഗത്തിൽ ഇന്ത്യയിലെ കൃഷി പരിഷ്കാരവിഷയത്തിൽ ശ്രദ്ധയുള്ളവർ അവശ്യം അറിഞ്ഞിരിക്കേണ്ട പല സംഗതികളും അടങ്ങീട്ടുള്ളതായി കാണുന്നു. അദ്ദേഹം ഇന്ത്യയിലെ രാജ്യകാര്യകുശലനായ ഒരു പൗരനായിരുന്നു എങ്കിൽ കൃഷിപരിഷ്കാരത്തിനും കൃഷിവിദ്യാഭ്യാസപ്രചാരത്തിനും കൂടുതൽ ധനം വ്യയംചെയ്യുന്നതിനായി ഗവൺമെന്റിനെ എപ്പോഴും ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുമെന്ന് ഇദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഇതു അർത്ഥഗർഭമായ ഒരു പ്രസ്താവനയാണെന്നു പറയേണ്ടതില്ലല്ലോ. കൃഷിപരിഷ്കാരവിഷയത്തിൽ ഇന്ത്യയിൽ ഇപ്പോൾ പലവിധ പരിശ്രമങ്ങളും ചെയ്തുവരുന്നുണ്ടെങ്കിലും ആശാസ്യങ്ങളായ പല സംഗതികളും ഇതേവരെ ആരംഭിക്കപ്പെട്ടിട്ടുപോലുമില്ലെന്നുള്ളത് ശോചനീയമായ ഒരു വാസ്തവമാണ്. ഗവൺമെന്റ് ഇതിലേക്കുവേണ്ടിയാണ് കൂടുതൽ ധനം വ്യയംചെയ്ത് വ്യവസ്ഥകൾ ഏർപ്പെടുത്തേണ്ടത്. ഇന്ത്യയിലെ മണ്ണിന്റെ സ്വഭാവം ഇതര രാജ്യങ്ങളിലുള്ള മണ്ണിനെ അപേക്ഷിച്ച് ഒരു പ്രത്യേകം രീതിയിലുള്ളതാകയാൽ, നവീനകൃഷിസമ്പ്രദായങ്ങളെ പരീക്ഷിച്ചറികയാണ് ആദ്യമായി