താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/63

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'ആ'യും, മറ്റേതിൽ സമീപാർത്ഥകമായ 'ഈയും' കൊണ്ടു വ്യതിരേകം വരുത്തിയിരിക്കുന്നതും അബദ്ധം ആകുന്നു. "ഇതു അർത്ഥഗർഭമായ പ്രസ്താവനയാണെന്നു പറയേണ്ടതില്ലല്ലോ"--എന്ന വാക്യം തീരെ നിരർത്ഥകം തന്നെയാണ്. 'പറയേണ്ടതില്ല' എന്നിരുന്നാൽ, പറകയേ വേണ്ടായിരുന്നു. അഥവാ 'അർത്ഥഗർഭമായ പ്രസ്താവനയാണ് എന്ന ഒരു വസ്തുതയെ വായനക്കാരെ ധരിപ്പിക്കേണമെന്നു മാത്രമേ ഉദ്ദേശമുള്ളു എങ്കിൽ, 'എന്നു പറയേണ്ടതില്ലല്ലോ' എന്ന പദങ്ങൾക്കു ഒരർത്ഥവും ഇല്ല. ഈ വാക്യംകൊണ്ടു മുൻവാക്യത്തിൽ പറഞ്ഞ അഭിപ്രായത്തെ വഴിയേ പ്രകാശിപ്പിക്കുന്നുണ്ടെന്നു വായനക്കാരന്റെ ശ്രദ്ധയെ ആകർഷിച്ചിരിക്കയാണെങ്കിൽ, അതിലേക്കും ഈ വാക്യം കൂടാതെ കഴിക്കാവുന്നതാണ്: അഭിപ്രായപ്രകാശകമായ വിവരണം മുറയ്ക്കു ചെയ്തുകൊണ്ടാൽ മതിയാകും. എന്നാൽ, അടുത്ത വാക്യങ്ങൾ ഈ അഭിപ്രായത്തെ പ്രകാശിപ്പിക്കുന്നില്ല: നേരെമറിച്ചു, മങ്ങിക്കുന്നതേ ഉള്ളൂ. എന്തുകൊണ്ടാണ് കൃഷികാര്യത്തിൽ കൂടുതൽ ധനവ്യയം ചെയ്യേണ്ടത് എന്നു അടുത്ത വാക്യങ്ങൾ വ്യക്തമായി പറയുന്നില്ല. "ആശാസ്യങ്ങളായ പല സംഗതികളും ഇതേവരെ ആരംഭിക്കപ്പെട്ടിട്ടുപോലുമില്ല" എന്നു മാത്രമേ പറയുന്നുള്ളു. ഈ ഒടുവിൽ ചേർത്ത വാക്യംകൊണ്ടു, ആ "പല സംഗതികൾ അതിന്റെ പിന്നാലെ വരുന്ന വാക്യങ്ങളെ വിവരിക്കുവാൻ പോവുന്നുണ്ടെന്നു ഒരു പ്രതീക്ഷയ്ക്കു ഇടയുണ്ടാകുന്നു. എന്നാൽ അതും വ്യക്തമായി വിവരിക്കുന്നില്ല: പ്രസംഗത്തിലെ മറ്റു അഭിപ്രായങ്ങളെ ഉദ്ധരിക്കുന്നതേ ഉള്ളു. പിന്നെയും "ആശാസ്യങ്ങളായ" പല സംഗതികൾ എന്നാൽ, എന്തർത്ഥമാണ് വിവക്ഷിക്കുന്നത്? "പലവിധപരിശ്രമങ്ങളും ചെയ്തുവരുന്നുണ്ട്", "എങ്കിലും ആശാസ്യങ്ങളായ പല സംഗതികളും ഇതേവരെ ആരംഭിക്കപ്പെട്ടിട്ടുപോലുമില്ല."--എന്നു പറയുമ്പോൾ, പരിശ്രമങ്ങളെയും ആശാസ്യങ്ങളായ സംഗതികളേയും, പരസ്പരം നിവാരകങ്ങളാക്കിക്കാണിക്കുന്നു; ഇപ്പോഴത്തെ പരിശ്രമങ്ങൾ ആശാസ്യങ്ങളല്ല എന്നു അർത്ഥം ദ്യോതിക്കുകയും ചെയ്യും. ഇനി, ആശാസ്യങ്ങളായ പല സംഗതികൾ ആരംഭിക്കപ്പെട്ടിട്ടില്ലെന്നുള്ളതു വസ്തുതയാണെങ്കിൽ, അതിനെ വാസ്തവമെന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല; അതു കൂടാതെയും ആശാസ്യമായുള്ളത് ആരംഭിക്കാതെയിരിക്കുന്ന അവസ്ഥ