താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/64

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവശ്യം ശോചനീയമാകയാൽ, അതിനെ ശോചനീയം ആണെന്നും വിശേഷിപ്പിക്കേണ്ട വിശേഷാവശ്യമില്ല. "ഇന്ത്യൻ മണ്ണിന്റെ സ്വഭാവം ഇതര രാജ്യങ്ങളിലുള്ള മണ്ണിനെ അപേക്ഷിച്ച് ഒരു പ്രത്യേക രീതിയിലുള്ളതാ"ണ്--എന്ന വാചകത്തിൽ, ഇതരരാജ്യങ്ങളിലുള്ള മണ്ണിനെ അപേക്ഷിച്ച് എന്ന പദങ്ങൾ നിരർത്ഥകങ്ങൾ തന്നെ. 'പ്രത്യേകരീതി' എന്നു പറയുമ്പോൾ, ഇതരവസ്തുക്കളെ ത്യജിച്ചിരിക്കുന്നതായി അർത്ഥമാകുന്നു. പിന്നെയും, 'അപേക്ഷിക്കുക' എന്ന പദം താരതമ്യത്തേയോ തുലനത്തേയോ അർത്ഥമാക്കുമ്പോഴാണ് ഉപയോഗിക്കേണ്ടത്; ഇവിടെ താരതമ്യപ്പെടുത്തുന്നുമില്ല. തുലനം ചെയ്യുന്നുമില്ല. "നവീനകൃഷിസമ്പ്രദായങ്ങളെ പരീക്ഷിച്ചറിയുകയാണ് ആദ്യമായി വേണ്ടത്"--എന്നേടത്ത്, 'പരീക്ഷിക്ക'യല്ലാ ഉചിതമായ പദം, ശാസ്ത്രജ്ഞാനസിദ്ധിക്കു പ്രേക്ഷണം, പ്രയോഗം എന്ന രണ്ടു ഉപായങ്ങൾ ഉള്ളവയിൽ, പ്രേക്ഷണം തന്നെയാണ് പരീക്ഷണം; സമ്പ്രദായങ്ങളെ പ്രയോഗിച്ചറികയാണ് ഇവിടെ ഉദ്ദേശമായിരിക്കുന്നത്. "പ്രസ്തുത പ്രസംഗമധ്യേ സർ ജാർജ് ക്ലാർക്ക് പ്രസ്താവിച്ചുകാണുന്നത് ശ്രദ്ധാർഹമായ ഒരു സംഗതിയാണ്"--ശ്രദ്ധാർഹമായ സംഗതി ഏതാണ്? പ്രസ്താവിച്ചുകാണുന്നതോ? സർ ജാർജ് ക്ലാർക്കിന്റെ അഭിപ്രായങ്ങളോ? അദ്ദേഹം 'പ്രസ്തുതപ്രസംഗമധ്യേ'യാണ് പ്രസ്താവിച്ചതെന്നു, ഈ പത്രാധിപക്കുറിപ്പിന്റെ പ്രാരംഭത്തിൽ പ്രസംഗവിഷയത്തെ പുരസ്കരിച്ചിരിക്കയാൽതന്നെ സ്പഷ്ടമായിരിക്കകൊണ്ടു, ഈ പദങ്ങൾ നിരർത്ഥകങ്ങൾ തന്നെയാണ്. പിന്നെയും പ്രസംഗം സർ ജാർജ് ക്ലാർക്കിന്റേതാണെന്നും മുമ്പു പ്രസ്താവിച്ചിട്ടുള്ള സ്ഥിതിക്കു, അദ്ദേഹത്തിന്റെ നാമം ആവർത്തിക്കാതെ കഴിക്കാം; നിർബന്ധമാണെങ്കിൽ, 'അദ്ദേഹം' എന്ന ഒരു പദം പ്രയോഗിച്ച്, ആ വഴിക്ക്, '..........വേണ്ടതെന്നും', 'ആണെന്നും' എന്ന അഭിപ്രയങ്ങളുടെ ചുമതലക്കാരനാരെന്ന സംശയത്തേയും നിവാരണം ചെയ്യാം. 'പരീക്ഷണങ്ങൾ കാണിച്ചുകൊടുക്കുന്നതിനു' എന്നതു മൂലത്തിൽ ഇല്ലാത്തതാണ്; 'പരീക്ഷണങ്ങളെ കാണിക്കുക; അസംബന്ധവുമാണ്. 'നവീനസമ്പ്രദായങ്ങൾ മനസ്സിലാക്കിക്കൊടുക്കുവാൻ' അല്ലാ, നവീനതത്വങ്ങൾ ഉപദേശിപ്പാനാണ് പ്രസംഗകർത്താവു പറഞ്ഞിട്ടുള്ളതും, "അവരെ ജാഗരൂകന്മാരാക്കുന്നതിനും"--ഏതു