അഭിപ്രായപ്പെട്ടിരിക്കുന്നു. നാട്ടുപുറങ്ങളിൽ ചെന്നു കൃഷിക്കാർക്കു പുതിയ തത്വങ്ങളെ ഉപദേശിക്കുവാനും അവർക്കു അതിൽ താല്പര്യം ജനിപ്പിക്കുവാനും ഇപ്പോഴത്തേതിലും അധികം കൃഷിവിഷയ പ്രസംഗകർത്താക്കന്മാരെ നിശ്ചയിക്കേണ്ടതാണെന്നു അദ്ദേഹം ഉപദേശിച്ചിരിക്കുന്നു. ഗ്രാമങ്ങൾതോറും കൃഷിപാഠശലകൾ സ്ഥാപിച്ച് കൃഷിവിദ്യ അഭ്യസിപ്പിക്കേണ്ട ആവശ്യകതയേയും അദ്ദേഹം ചൂണ്ടിക്കാണിക്കുക ഉണ്ടായി. (തിരുവിതാംകൂറിലും, ഇത്തരം പാഠശാലകൾ സ്ഥാപിക്കുവാൻ കൃഷിഡയറക്ടർ ഇതിന്നു മുമ്പുതന്നെ ഗവൺമെണ്ടിനോടു ശിപാർശിചെയ്തിരുന്നതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ട്; ശിപാർശി ഫലിച്ചില്ലല്ലോ എന്നു ഞങ്ങൾ വ്യസനിക്കുന്നു").
സംക്ഷേപിച്ചെഴുതിയിരിക്കുന്ന ഈ പത്രാധിപക്കുറിപ്പിൽ, വായനക്കാർക്കു സർ ജാർജ് ക്ലാർക്കിന്റെ പ്രസംഗത്തിലെ സാരഭാഗത്തെപ്പറ്റി നൽകേണ്ടിയ സംഗതികളൊക്കെ അടക്കീട്ടുണ്ട്. ഇതിൽ കഴിയുന്നതും മുൻകാണിച്ച കുറിപ്പിലെ വാക്യങ്ങളെ തന്നെ ഉപയോഗപ്പെടുത്തീട്ടുമുണ്ട്; ആ കുറിപ്പ് എഴുതിയ ആൾ പ്രസംഗത്തിലെ ഏതേതു സംഗതികൾ എടുത്തുപറഞ്ഞിട്ടുണ്ടോ അവയെ മാത്രമേ പുതിയ കുറിപ്പിൽ ഉൾപ്പെടുത്തീട്ടുള്ളു. നിരർത്ഥകപദങ്ങളേയും വിവക്ഷിതാർത്ഥത്തെ ദുർഗ്ഗമമാക്കിയിരിക്കുന്ന വാചകങ്ങളേയും വർജ്ജിച്ചതുകൊണ്ടു, വായനക്കാരന്നു ഗ്രഹിക്കേണ്ട ഭാഗങ്ങളൊക്കെ കാടു വെട്ടിത്തെളിഞ്ഞുകിട്ടുന്നുണ്ടെന്നു വിശ്വസിക്കുന്നു. മേല്പടി കുറിപ്പിൽ തിരുവിതാംകൂർ കാര്യം ഉൾപ്പെടുത്തേണ്ട ഔചിത്യമുണ്ടെന്നു വിചാരിക്കുന്നില്ലായ്കയാൽ, ആവക പ്രസ്താവത്തെ ഒടുവിൽ വലയങ്ങൾക്കുള്ളിലാക്കിത്തള്ളിയിരിക്കുന്നു; ആവശ്യമുണ്ടെന്നു തോന്നുന്നതായാൽ, വലയങ്ങളെ നീക്കിക്കളകയും ചെയ്യാമല്ലോ. എന്നാലും, പത്രാധിപക്കുറിപ്പിന്റെ വിഷയം സർ ജാർജ് ക്ലാർക്കിന്റെ കൃഷിക്കാര്യപ്രസംഗമാകയാൽ, അതിനോടു തിരുവിതാംകൂർ കൃഷിഡയറക്ടറുടെ ശിപാർശകൾ ഗവൺമെണ്ടിനാൽ നിരാകരിക്കപ്പെട്ടു എന്ന സംഗതിയെ കൂട്ടിക്കെട്ടുന്നതു യുക്തമല്ല.
മേലെഴുതിയ പത്രാധിപക്കുറിപ്പിൽ ആക്ഷേപിക്കപ്പെട്ട ഒരു സംഗതി, അതിൽ അനാവശ്യമായി അനേകം പദങ്ങളും