അച്ചടിക്കാര്യവിവരം
പത്രക്കാരന്മാരൊക്കെ അവശ്യം പരിചയിച്ചിരിക്കേണ്ടതായ മറ്റൊരു കാര്യം, അച്ചടിസംബന്ധമായ വിവരങ്ങൾ ഏതാനുമെങ്കിലും അറിഞ്ഞു നടക്കുകയാണ് ഇതു പത്രത്തിലേക്കു ലേഖനങ്ങൾ എഴുതുന്നവർക്കു എത്രകണ്ടു തൊഴിലിൽ സഹായമായിരിക്കുമോ; അച്ചുകൂടത്തിലേക്കു കൈയെഴുത്തു പകർപ്പ് തയ്യാറാക്കുന്നവർക്കൊക്കെ, ഏകദേശം അത്രത്തോളം പ്രയോജനകരമായിരിക്കുന്നതാണ്. പത്രകാര്യാലയത്തിൽ പണിയെടുക്കുന്ന റിപ്പോർട്ടർമാർ ഈ വിവരങ്ങളുമായി പരിചയപ്പെട്ടേ കഴിയൂ; അകലെയിരുന്നു ലേഖനങ്ങൾ എഴുതി അയക്കുന്നവർ ഈ വിവരങ്ങൾ അറിയാഞ്ഞു പലപ്പോഴും പത്രങ്ങളെയും തങ്ങളെത്തന്നെയും അബദ്ധക്കുണ്ടിൽ ചാടിക്കാറുണ്ട്. ചിലപ്പോൾ ലേഖകന്മാർക്കു ഇച്ഛാഭംഗത്തിന്നും സംഗതിയാകുന്നു. 'ലേഖനങ്ങൾ വ്യക്തമായും വൃത്തിയായും കടലാസിന്റെ ഒരു വശത്തു മാത്രം എഴുതി അയയ്ക്കണം. കറുത്ത മഷിയിൽ എഴുതിയിരിക്കേണ്ടതാകുന്നു. "വരി അകറ്റി എഴുതണം" എന്നു പത്രാധിപന്മാർ ആവശ്യപ്പെട്ട് 'അറിയിപ്പുകൾ' കൊടുത്തിരുന്നാൽകൂടി, അതു അർത്ഥമില്ലാത്ത വിജ്ഞാപനമാണെന്നു തള്ളിക്കളയുന്നവരുണ്ട്. അച്ചടി സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞിരുന്നാൽ ഇങ്ങനെ ഉപേക്ഷ വിചാരിക്കയില്ല. ഈ അറിവില്ലായ്മ നിമിത്തം, ചിലപ്പോൾ ലേഖനങ്ങൾ മുഴുവൻ നിരസിക്കപ്പെട്ടു എന്നും, മറ്റു ചിലപ്പോൾ വിചാരിച്ചിരിക്കാത്ത വിധത്തിൽ തെറ്റായി അച്ചടിച്ചു പുറപ്പെടുവിച്ചു എന്നും വരാറുണ്ട്. പത്രകാര്യാലയത്തിലിരുന്ന് പണിയെടുക്കുന്നവർക്കു ഇങ്ങനെയുള്ള ഇച്ഛാഭംഗമോ, അതൃപ്തിയോ ഉണ്ടാവാനില്ലതാനും.
പത്രക്കാരനു ഈ അച്ചടിക്കാര്യജ്ഞാനം കൂടാതെ കഴിക്കരുതോ? അച്ചുകൂടങ്ങൾ പത്രക്കാരന്റെ സൗകര്യവും ആവശ്യവുമനുസരിച്ചു പ്രവർത്തിക്കേണ്ടതല്ലാതെ, പത്രക്കാരൻ അച്ചുകൂടത്തിന്റെ സൗകര്യവും ആവശ്യവും അറിഞ്ഞു നടക്കേണ്ടതില്ലെന്നു ചിലർക്കു തോന്നിയേക്കാം.