സ്റ്റിക്ക്' എഴുതിക്കിട്ടണമെന്നു പറഞ്ഞാൽ, അത്രയ്ക്കുമാത്രം എഴുതുവാൻ എങ്ങനെയാണ് വശപ്പെടുന്നത്? ഒന്നോ രണ്ടോ വരി അധികമായാലോ; അഥവാ, ഒന്നുരണ്ടു വരി പോരാതെ വന്നാലോ--എന്നൊക്കെ എഴുത്തുകാരന്റെ ഉള്ളിൽ ശങ്ക തോന്നാതെ സൂക്ഷ്മം രണ്ടു 'സ്റ്റിക്ക്' എഴുതിക്കൊടുപ്പാൻ പരിചയത്താലേ സാധിക്കൂ. ഒച്ചിഴഞ്ഞ് അക്ഷരമെഴുതുന്നതുപോലെ, ഭാഗ്യവശാൽ രണ്ടു 'സ്റ്റിക്ക്' തികഞ്ഞിരുന്നു എന്നു വന്നേക്കാം; ഇങ്ങനെ ഭാഗ്യം പരീക്ഷിക്കാൻ പത്രക്കാരന്ന് അവകാശമില്ല; പത്രം പുറപ്പെടുന്നതിന് അല്പനേരമെ കഴിയേണ്ടിയിരിക്കു; ആ സമയത്തിനിടയ്ക്ക് ആവശ്യപ്പെട്ടടത്തോളം എഴുതികൊടുക്കാൻ, ഒരു മനോനിശ്ചയം വന്നിരിക്കണം. അച്ചു നിരത്തുമ്പോൾ ഒന്നുരണ്ടു വരി അധികമായിപ്പോയാൽ, എന്തു ചെയ്യും? ആ പംക്തിയുടെ നീളം അധികമാക്കാമോ? അച്ചടിപരിചയമുള്ളവർ ഇങ്ങനെയൊരു കാര്യമേ സ്മരിക്കയില്ല. ഒരു പംക്തിക്ക് 18 അംഗുലം നീളവും, അടുത്ത പംക്തിക്കു 19 അംഗുലം നീളവും ആയി 'ഫോറം' തയ്യാറാക്കാൻ നിവൃത്തിയില്ല. ഒന്നു രണ്ടുവരി കുറവായിക്കണ്ടാൽ 'ലെഡ്' ഇട്ട് 'അകറ്റി' 'കോളം' തികയ്ക്കുവാൻ പറയാം. അതിനാൽ ഇത്ര 'സ്റ്റിക്ക്' എന്നു നിശ്ചയപ്പെടുത്തി 'പകർപ്പു' അല്ലെങ്കിൽ 'തായേട്' കൊടുപ്പാൻ എഴുത്തുകാരൻ തന്റെ കയ്യെഴുത്തു പകർപ്പിന്റെ വ്യാപ്തി എത്രത്തോളം വരുമെന്നു പരിചയത്താൽ അറിഞ്ഞിരിക്കേണ്ടതാകുന്നു. ഇംഗ്ലീഷിലായിരുന്നാൽ പലേ വാക്കുകൾ നീട്ടിയെഴുതാതെ സങ്കേതങ്ങളാൽ കാണിക്കാം; ഇങ്ങനെ സംക്ഷേപിച്ചു കാണിക്കാവുന്ന പലേ പദങ്ങൾക്കും പട്ടികയും തയ്യാറാക്കീട്ടുണ്ട്. മലയാളത്തിൽ, സാധാരണയായി, നീട്ടിയെഴുതുകതന്നെ വേണ്ടിയിരിക്കുന്നു; ചില സംക്ഷേപങ്ങൾ ഇല്ലെന്നുമില്ല. 'മേല്പടി'ക്കു ടി എന്നും മുൻസിപ്പുകോടതി വക്കീൽ എന്നതിന് മു.കൊ.വ. എന്നും മജിസ്ട്രേറ്റിനു മജി. എന്നും 'ബഹുമാനപ്പെട്ട' ബഹു. എന്നും; മറ്റും പല പദങ്ങളേയും സംഗ്രഹിച്ചു കാണിക്കാറുണ്ട്. ഇവ അച്ചടിയിൽ പൂർണ്ണരൂപത്തിൽതന്നെ അച്ചുനിരത്തിയിരിക്കേണ്ടതുമാണ്. പദങ്ങളെ സംക്ഷേപിച്ചെഴുതിയിരുന്നാൽ, അച്ചു നിരത്തുമ്പോൾ എത്ര വരിയുണ്ടാവും എന്നു നിശ്ചയം വരാൻ സാധാരണ വേണ്ടതിലധികം പരിചയവും നോട്ടവും ആവശ്യമാണ്.
താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/71
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്