താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/77

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"" എന്നായിപ്പോയിരിക്കും. ചില സംഗതികളിൽ, വിരാമാദിചിഹ്നങ്ങൾ ഒന്നിനൊന്ന് മാറിപ്പോയിരിക്കും; ചില പദങ്ങൾ തെറ്റായി വായിച്ചുപോയിരിക്കും; 'വിഷണ്ണൻ' 'വിഷണ്ഡൻ' ആയിപ്പോയിരിക്കും; ചിലപ്പോൾ, വാക്കുകൾ വിട്ടുപോയിരിക്കാം; മറ്റു ചില സംഗതികളിൽ, അടുത്തടുത്തവരികൾ ഒരേ പദം കൊണ്ടു ആരംഭിക്കുന്നവയായിരുന്നാൽ, വരിപിണങ്ങി വീഴ്ചവരാം. ചിലപ്പോൾ, അച്ചുകൾ തരം മാറിവന്നിരിക്കാം; പൈക്കയ്ക്കു പകരം ഗ്രേറ്റ് പ്രൈമറോ, സ്മാൾപൈക്കയോ കുടുങ്ങിയിരിക്കും. ചിലപ്പോൾ, ഇട വേണ്ടടത്തു ഇല്ലാതെയും; വേണ്ടാത്തിടത്തു ഉണ്ടായും ഇരിക്കാം. "രാമൻ മേനവന്റെകൈയ്യിലുള്ളപുസ്തകത്തെ"-ഇപ്രകാരം വന്നിരിക്കാം. ചിലെടത്ത്, ഖണ്ഡിക വെവ്വേറെ തിരിക്കേണ്ട ഭാഗങ്ങൾ കൂട്ടിച്ചേർത്ത് നിരത്തിയിരിക്കാം; നേരെമറിച്ച്, തുടർന്നുപോകേണ്ട ഭാഗങ്ങളെ വെവ്വേറെ ഖണ്ഡികകളാക്കിയിരിക്കാം. ഇത്തരം പലേ മാതിരി പിഴകളും പ്രത്യേകം ഓരോരോ സങ്കേതങ്ങൾകൊണ്ടാണ് തിരുത്തിക്കാണിക്കാറുള്ളത്. ഇംഗ്ലീഷിലുള്ള സങ്കേതങ്ങൾതന്നെയാണ് മലയാളത്തിലും ഉപയോഗിച്ചുവരുന്നത്. അച്ചുകൂടത്തിൽ അയച്ച് അച്ചുനിരത്തേണ്ടതിന്നായി പകർപ്പുകൾ എഴുതുന്നവരൊക്കെ, ഈ സങ്കേതങ്ങളെ പരിചയിച്ചിരുന്നാൽ, തങ്ങളുടെ പകർപ്പിൽതന്നെയും തിരുത്തേണ്ട ഭാഗങ്ങളെ മേല്പടി സങ്കേതങ്ങൾകൊണ്ട് തിരുത്തിക്കാണിപ്പാൻ കഴിയുന്നതും, ശുദ്ധമായ വേറെ പകർപ്പ് എഴുതാതെകൂടിയും ആവശ്യം സാധിക്കാവുന്നതും ആകുന്നു. ഇവയിൽ ചില സങ്കേതങ്ങൾ വിശേഷിച്ചു പലപ്പോഴും ആവശ്യപ്പെടുന്നവയാണ്.

അച്ചുനിരത്തുകാരും പകർപ്പുവായിക്കുന്ന 'ഒത്തുനോക്കു'കാരും മറ്റും കൂടിച്ചേർന്ന്, സാധാരണയായി, എന്തുമാത്രം തെറ്റുകൾ വരുത്തിക്കൂട്ടുമാറുണ്ടെന്ന് പത്രവായനക്കാർ അറിയാറില്ല. പത്രങ്ങളിൽ കാണുന്ന ഒന്നോരണ്ടോ അക്ഷരവീഴ്ചകൾ മാത്രം വായിച്ചിട്ട്, അച്ചുകൂടപ്പണിക്കാരൊക്കെ ഏറെക്കുറെ സമർത്ഥന്മാരാണെന്ന് വായനക്കാർ വിചാരിച്ചുപോയേക്കാം. അച്ചുനിരത്തുകാരുടെ "പൈത്തിയാറത്തന"ങ്ങൾ പ്രൂഫ് തിരുത്തുകാരനും പത്രാധിപരും കാണുമ്പോലെ മറ്റുള്ളവർ കാണാറില്ല; ചില തെറ്റുകൾ മാത്രം ബീഭത്സമായ വിധത്തിൽ