താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/83

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാധിക്കും. അവയിൽ സാരമായ ഭാഗങ്ങൾ മാത്രം കുറിച്ചെടുക്കയും, വായനക്കാർക്കു സുഗ്രഹമാകുംവണ്ണം ഇരു കക്ഷികളുടെയും വാദങ്ങൾ സംഗ്രഹിച്ചെഴുതുകയും ചെയ്യണം. ന്യായാധിപതി അതിന്മേൽ ചെയ്തിട്ടുള്ള തീർപ്പിനേയും അസന്ദിഗ്ധാർത്ഥമായും സുഗമമായുമുള്ള വാചകങ്ങളിൽ പ്രസ്താവിക്കണം.

സെഷൻസ് കോടതികളിൽ നടക്കുന്ന ക്രിമിനൽക്കേസുകൾ എല്ലാം കൗതുകകരമായിരിക്കയില്ല. ചിലതൊക്കെ 'ഒച്ചപ്പെടാതെ' തന്നെ കഴിയുന്നതാണ്. എന്നാൽ, കൊലപാതകം, ലഹള, തീവെപ്പ്, കൊള്ള, വ്യാജപ്രമാണനിർമ്മാണം, കള്ളക്കമ്മിട്ടം, മുതലായ മഹാപാതകസംഗതികളിൽ ജനങ്ങൾ ഏറെക്കുറെ ശ്രദ്ധവെച്ചു നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരിക്കും. ഇവയാണ് 'ഒച്ചപ്പെട്ട' കേസുകളായിത്തീരുന്നത്. ഇവയുടെ നടപടികൾക്കു റിപ്പോർട്ടു തയ്യാറാക്കാൻ പൊലീസ്-മജിസ്ട്രേറ്റ്-കച്ചേരികളിലെ പരിചയം വളരെ സഹായമായിരിക്കുന്നതാണ്. നടപടിരീതികൾക്കു വ്യത്യാസമുണ്ടായിരിക്കുമെങ്കിലും കേസ് വിസ്താരം ചെയ്യുമ്പോൾ, സാക്ഷികളുടെ മൊഴികൾ കുറിച്ചെടുക്കുന്നതും മറ്റും മജിസ്ട്രേറ്റ് കോടതിയിൽവെച്ചു പരിചയിച്ച സമ്പ്രദായമനുസരിച്ചു മതിയാകുന്നതാണ്. സർക്കാർ ഭാഗം വക്കീൽ കേസ് ആരംഭിക്കുമ്പോൾ നടത്തുന്ന പ്രസംഗത്തിൽനിന്നു സാരഭാഗങ്ങൾ കുറിച്ചെടുത്താൽ കേസിന്റെ സംഗ്രഹമായ വിവരം എഴുതാൻ സാധിക്കും. ഓരോ ഭാഗത്തെയും സാക്ഷികളേയും വക്കീലന്മാരേയും വേറുതിരിച്ചറിഞ്ഞെഴുതുവാൻ റിപ്പോർട്ടർ പ്രത്യേകം ശ്രദ്ധവെയ്ക്കേണ്ടതാണ്. കേസ് നടത്തുന്നതു സർക്കാരാകയാൽ അന്യായഭാഗം സർക്കാരാണ്. പ്രതിഭാഗത്തുനിൽക്കുന്നവന്റെ മേലാണ് കുറ്റം ചുമത്തി വിസ്താരം നടത്തുന്നത്. പ്രതിയെ ഒരു മജിസ്ട്രേറ്റ് കോടതിയിൽനിന്നു കുറ്റം ചുമത്തി വിസ്താരത്തിനായി സെഷൻസിലേക്കയച്ചതായിരിക്കുമ്പോൾ, ഏതു മജിസ്ട്രേറ്റാണ് 'കമ്മിറ്റ്' ചെയ്തതു എന്നും മറ്റുമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ പ്രസ്താവിച്ചിരിക്കണം. സാക്ഷിവിസ്താരം കഴിഞ്ഞു, ഇരുഭാഗം വക്കീലന്മാരുടെയും വാദങ്ങളും, പിന്നെ, ന്യായാധിപതിയുടെ വിധിന്യായവും, അതിന്മേൽ, കോടതിയികൂടിയിട്ടുള്ള ബഹുജനങ്ങളുടെയിടയിലുണ്ടാകുന്ന