സന്തോഷസന്താപാദിഭാവങ്ങളും, റിപ്പോർട്ടർ, വഴിതെറ്റിക്കാത്തവിധത്തിൽ കഥിക്കേണ്ടതിനു നിപുണനായിരിക്കണം. ന്യായാധിപതി വിധിപ്രസ്താവിച്ചിട്ടില്ലെങ്കിൽ എപ്പോൾ പ്രസ്താവിക്കുമെന്നു അന്വേഷിച്ചറിഞ്ഞ് പത്രത്തിൽ പറകയും, ആ സമയം വിധിപ്രസ്താവം കേൾപ്പാൻ കോടതിയിൽ എത്തിയിരിക്കയും വേണം. സെഷൻസ് കോടതിയിലുള്ളപോലെ 'ഒച്ചപ്പെട്ട' കേസുകൾ ഹൈക്കോടതിയിലും ഉണ്ടായിരിക്കും; അവയെപ്പറ്റിയും ഇതിന്മണ്ണം റിപ്പോർട്ട് എഴുതേണ്ടതാണ്. ഹൈക്കോടതിയിൽ, സാധാരണ, അപ്പീൽ വിചാരണയ്ക്കു, സാക്ഷിവിസ്തരിക്കാറില്ല; കീഴ്‍കോടതിയീൽ നടന്നവയെപ്പറ്റി നിരൂപണം ചെയ്യുകയാണ് മിക്കാവാറും നടക്കുന്നതെങ്കിലും, ചില സംഗതികളിൽ, കൂടുതലായി സാക്ഷികളെ വിളിപ്പിച്ച് മൊഴി മേടിച്ച് തെളിവിന്റെ ബലാബലനിർണ്ണയം ചെയ്യാറുണ്ട്. ഈ സംഗതികളിൽ, വിശേഷാൽ വിളിപ്പിച്ച സാക്ഷികളുടെ മൊഴികളെ റിപ്പോർട്ടിൽ പ്രതിപാദിക്കണം. അല്ലാത്ത സംഗതികളിൽ ഇരുകക്ഷികളുടെ (വക്കീലന്മാരുടെയും) വാദങ്ങൾ സംഗ്രഹിച്ചെഴുതുകയും, ന്യായാധിപതിമാരുടെ ഏകകണ്ഠമായോ ഭിന്നമായോ ഉള്ള തീർച്ചകല്പനകളെ അവസാനത്തിൽ യഥാവൽ പ്രസ്താവിക്കയും ചെയ്യുന്നതു മതിയാകും. ഹൈക്കോടതിയിൽ, ക്രിമിനൽക്കേസ് അപ്പീലിൻ പുറമെ, പലവക ഹർജികളും, സിവിൽകേസ് അപ്പീലുകളും. പത്രപ്രസ്താവയോഗ്യമായ ഇനിയും പലേ കാര്യങ്ങളുമുണ്ട്; ഇവയെപറ്റിയും ഉചിതമായ വിധം റിപ്പോർട്ട് ചെയ്യേണ്ടതാകുന്നു.
ദേശക്ഷേമത്തെ അന്വേഷിച്ച് പരിപാലനം ചെയ്യുന്ന സഭകൾ പലതുണ്ട്. ഇവയിൽ അതതു കാലങ്ങളിൽ ആലോചിക്കുന്ന കാര്യങ്ങളെപ്പറ്റി ബഹുജനങ്ങൾക്ക് അറിവു നൽകേണ്ടത് പത്രക്കാരന്റെ കടമകളിൽ ഒന്നാണ്. ഈ വക സഭകൾ ചിലത് നഗരപരിപാലനസഭകളായും, മറ്റുചിലത് താലൂക്ക് ക്ഷേമപ്രവർത്തക സംഘങ്ങളായും ഇരിക്കുന്നു. ഇവയ്ക്ക്, 'മുൻസിപ്പാൾ കൗൺസിൽ', 'കാർപ്പൊറേഷൻ', 'ടൗൺകൗൺസിൽ', ടൗൺഇംപ്രൂവ്‌മെന്റ് കമ്മറ്റി', 'താലൂക്ക് ബോർഡ്', 'ഡിസ്ട്രിക്ട് ബോർഡ്'- എന്നിങ്ങനെ പല പേരുകൾ യഥോചിതം പറഞ്ഞുവരുമാറുണ്ട്. ഇവയിലെ നടപടികളെപ്പറ്റി റിപ്പോർട്ട് ചെയ്യാൻ