ചെയ്യുന്നതിൽ സാമർത്ഥ്യം വർദ്ധിക്കുന്നതിനും ഓർമ്മശക്തി ബലപ്പെടുത്തുന്നതിനും കഴിയുന്നതാണ്.
പ്രസംഗങ്ങൾ എല്ലാം പ്രവക്താവിന്റെ വാക്കായിട്ടുതന്നെ പതിഫലിപ്പിക്കേണ്ടതായിരിക്കയില്ല. പലതും റിപ്പോർട്ടരുടെ സ്വന്തം വാക്കിൽ കഥിച്ചാൽ മതിയാകും. ഇതിന്ന്, റിപ്പോർട്ടർ, വാക്യരചനയിൽ 'സാക്ഷാൽസംഭാഷണം' 'അന്വാഖ്യാതസംഭാഷണം' എന്നീ സമ്പ്രദായങ്ങളെ പരിചയിച്ചിരിക്കണം. അതിലേക്കു, വ്യാകരണവിധികളിൽ കാലം, പുരുഷൻ എന്നിതുകളെ സംബന്ധിച്ച് പ്രത്യേകം ശ്രദ്ധയും വെച്ചിരിക്കണം. "മാന്യസദസ്യരേ ഞാൻ ഇപ്പോൾ ഇവിടെ വന്നിരിക്കുന്നത് ഈ സഭയുടെ കാര്യദർശിയെ യാതൊരു വിധത്തിലും ഒഴികഴിവു പറഞ്ഞയപ്പാൻ നിർവ്വാഹമില്ലാഞ്ഞിട്ടാകുന്നു"-എന്ന് ഒരു പ്രസംഗകർത്താവ് പറഞ്ഞിരുന്നാൽ, അത് റിപ്പോർട്ടരുടെ വാക്കിൽ അന്വാഖ്യാതസംഭാഷണമായി പറയുമ്പോൾ, "ആ മാന്യസദസ്യരെ സംബോധനം ചെയ്തുങ്കൊണ്ടു പ്രസംഗകർത്താവു പറഞ്ഞതെന്തെന്നാൽ, അദ്ദേഹം അപ്പോൾ അവിടെ ചെന്നിരുന്നതു ആ സഭയുടെ കാര്യദർശിയെ യാതൊരു വിധത്തിലും ഒഴികഴിവു പറഞ്ഞയപ്പാൻ നിർവ്വാഹമില്ലാഞ്ഞിട്ടായിരുന്നു എന്നായിരുന്നു"-എന്ന രീതിയിൽ എഴുതണം. അപ്രകാരമല്ലാതെ, ഇടയ്ക്കു പ്രഥമപുരുഷനും, ഇടയ്ക്കു ഉത്തമപുരുഷനുമായി ഐകരൂപ്യമില്ലാതെയും, വർത്തമാനകാലവും ഭൂതകാലവും തമ്മിൽ വ്യത്യാസപ്പെടുത്താതെയും കഥനം ചെയ്യരുത്. സാക്ഷാൽ സംഭാഷണം വേണമെന്നു മേലാവിന്റെ പ്രത്യേകാജ്ഞ ഇല്ലാത്തപക്ഷത്തിൽ, വിഷയഗൗരവം പോലെ, വളരെ പ്രമാണപ്പെട്ടവരുടെ പ്രസംഗങ്ങൾ ഒഴിച്ച് മറ്റൊക്കെ അന്വാഖ്യാതസംഭാഷണമായി പറകയാണ് നടപ്പ്. ഏതു പ്രകാരത്തിലായാലും, റിപ്പോർട്ടർ പക്ഷപാതമായി പ്രവർത്തിക്കരുത്. തന്റെ പക്ഷക്കാർക്ക് എതിരായവരുടെ പ്രസംഗത്തിന്ന് നിഷ്കാരണം അപവാദം വരുത്താൻ, അവാസ്തവവർണ്ണനം ചെയ്യുകയോ, ഒരുവന്റെ പ്രസംഗം തന്റെ പക്ഷക്കാരനായ മറ്റൊരുവൻ നിശ്ശേഷം ഖണ്ഡിച്ചു എന്നോ സദസ്യർ നിന്ദിച്ചു എന്നോ മറ്റോ ആക്ഷേപം പറകയോ ചെയ്യുന്നത്, റിപ്പോർട്ടറുടെ കർത്തവ്യകർമ്മധർമ്മത്തിന്നു യോജിച്ചതല്ല.