താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/96

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഒരുവന്റെ പ്രസംഗത്തിൽ അടങ്ങിയ വാദങ്ങൾ അസംബന്ധമോ യുക്തിരഹിതമോ ആയിരുന്നാൽ, അത് വായനക്കാർ ഗ്രഹിച്ചുകൊള്ളും. ആ വാദങ്ങളെ ഖണ്ഡിക്കുന്ന യുക്തികൾ മറ്റൊരുവൻ പ്രസംഗിച്ചിരുന്നാൽ, ഇവന്റെ പ്രസംഗം മുമ്പത്തെതിന്റെ ഖണ്ഡനമായിരുന്നു എന്നും വായനക്കാർ മനസ്സിലാക്കിക്കൊള്ളും. ഇതിന്മണ്ണം തന്നെ, ഒരുവന്റെ പ്രസംഗം സ്തുത്യർഹമോ, സാരഗർഭമോ, യുക്തിയുക്തമോ ആയിരുന്നാൽ, അതും വായനക്കാർ നിർണ്ണയിച്ചുകൊള്ളും; റിപ്പോർട്ടർ അങ്ങനെ ഒരു അഭിപ്രായം സകാരണമായോ നിരാധാരമായോ സ്വരൂപിച്ച് വായനക്കാരന്റെ തലയ്ക്കുള്ളിലേക്ക് തള്ളിക്കയറ്റേണ്ട ആവശ്യമില്ല.