താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/97

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അദ്ധ്യായം 8
വർണ്ണനം


വിനോദകളികൾ, കോടതിയിലെ വ്യവഹാരങ്ങൾ, സഭായോഗങ്ങൾ എന്നിങ്ങനെ പലേ സംഗതികളെയും പറ്റി വർത്തമാനങ്ങൾ ശേഖരിച്ചു പത്രത്തിലേക്കു അന്വാഖ്യാനം ചെയ്‌വാൻ സാമാന്യം ആർക്കും പരിശീലനത്താൽ കഴിയുന്നതാണ്. ഇവയെക്കാട്ടിൽ ഒക്കെ ശ്രമമേറിയ ഒരു പ്രവൃത്തി റിപ്പോർട്ടർമാരുടെ ചുമതലയിൽ ഉണ്ട്. ഇത്, ഓരോരോ സംഭവങ്ങളെക്കുറിച്ച് വർണ്ണനകൾ എഴുതുന്ന പ്രവൃത്തിയാണ്. ഒരു അഗ്നിബാധയോ, വലിയ ഉത്സവാഘോഷമോ, തീവണ്ടിവ്യാപത്തോ, മറ്റു വിശേഷ സംഭവമോ ഉണ്ടായാൽ അതിനെപ്പറ്റി, വായനക്കാരുടെ ഉള്ളിൽ പതിയത്തക്കതായ ഒരു ചിത്രം എഴുതിക്കാണിപ്പാൻ സാധാരണന്മാർക്കു സാധിക്കയില്ല. അതിലേക്ക്, പ്രത്യേകം ചില മനോധർമ്മങ്ങൾ ലേഖകന് ഉണ്ടായിരിക്കണം. ആ സംഭവത്തിൽ വിചിത്രമായത് കണ്ടറിക, താൻ കണ്ട കാഴ്ചകളെ ആസ്പദമാക്കിക്കൊണ്ട് പലേ സംഗതികൾ വിഭാവനം ചെയ്ക, അന്യരുടെ ഹൃദയം ഇളക്കത്തക്കവിധത്തിൽ അവരുടെ ഉള്ളിൽ കടന്ന് അവരുടെ ഹൃദയവേദനങ്ങളുടെ ഗതി അറിക-ഇപ്രകാരമൊക്കെ ചില മനോഗുണങ്ങൾ റിപ്പോർട്ടർക്കു അവശ്യം ഉണ്ടായിരിക്കണം. ഇവ കവികൾക്കെന്നപോലെ, ലേഖകന്നും, അനുഗ്രഹമായി കിട്ടിയിരിക്കണം, എന്നുകൂടി പറയാം. ഒരു കല്യാണപ്പന്തൽ വർണ്ണിക്കയായിരുന്നാൽ, സദിർപ്പന്തൽ തെക്കേഭാഗത്ത്, ആട്ടപ്പന്തൽ വടക്കേഭാഗത്ത്, മുല്ലപ്പന്തൽ കിഴക്കേഭാഗത്ത്, സദ്യപ്പന്തൽ പടിഞ്ഞാറ്, എന്നിങ്ങനെ ആറും നാലും പത്ത് എന്നു പറയുന്ന കൂട്ടത്തിൽ പ്രസ്താവിച്ചാൽ അത്തരം വർണ്ണന ആരുടെയും ഹൃദയത്തെ ആഹ്ലാദിപ്പിക്കയില്ല. ഒരു ചിത്രമെഴുത്തുകാരനു തന്റെ കൈയിലുള്ള വർണ്ണങ്ങളെ ചേർത്ത് മേല്പടി കല്യാണപ്പന്തലിനെ, മനോഹരമായ വിധത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്നപോലെ, ലേഖകന്നും തന്റെ കൈവശമുള്ള വാക്കുകളാൽ കല്യാണപ്പന്തലിനെ പ്രതിഫലിപ്പിച്ചുകാണിക്കണമെങ്കിൽ, വൈചിത്ര്യത്തെ ഗ്രഹിപ്പാനുള്ള ശക്തി അവന്റെ ദൃഷ്ടികൾക്കും,