താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/99

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മറ്റൊരു ഭാഗത്തുപോയി പ്രവേശദ്വാരമുണ്ടാക്കാൻ ശ്രമിക്കണം. ഈ സന്ദർഭങ്ങളിലാണ് അവന്നു പൊലീസുകാരുടെ സഹായം അത്യന്തം ആവശ്യപ്പെടുന്നത്. "കാറ്റുള്ളപ്പോൾ തൂറ്റിക്കൊൾക" എന്ന തത്വം അവൻ നല്ലവണ്ണം ഓർമ്മിച്ചുകൊള്ളണം. തരംപോലെ ഉള്ളിൽ കടന്നുകൂടി തനിക്കെത്തേണ്ടടത്ത് എത്തുവാൻ ചില അധികൃതന്മാരുടെ പിന്നാലെ പറ്റിപ്പോകേണ്ടതായുമിരിക്കും. ഇങ്ങനെയെല്ലാം കരുതിപ്രവർത്തിച്ചാലേ, തനിക്കു വേണ്ടതായ വിവരങ്ങളൊക്കെ ലഭിക്കൂ. എന്നാൽ, ഒരു സംഭവത്തെപ്പറ്റി വിവരമറിവാൻ പറ്റിക്കൂടിയാൽ മാത്രംപോരാ: അവിടെ നടക്കുന്ന സംഗതികളൊക്കെ, പ്രത്യേകം അനുകമ്പയോടുകൂടിയ താല്പര്യം വെച്ചു വേണം, നോക്കി അറിവാൻ. ഒരു ഉത്സവഘോഷയാത്ര കാണുമ്പോൾ അന്യരോടൊപ്പം ആഹ്ലാദിപ്പാനോ; ഒരു അഗ്നിബാധയിൽ, സഹതപിപ്പാനോ; ഒരു തീവണ്ടി അപകടത്തിൽ, ആപന്നന്മാരെപ്പറ്റി വ്യാകുലപ്പെടുവാനോ കഴിയാതെയിരിക്കുന്ന ഹൃദയത്തിന്ന് ഇത്തരം വർണ്ണനകൾ എഴുതി ഫലിപ്പിക്കാൻ കഴിയുന്നതല്ല.

വലിയ ആപത്തുകൾ, ലഹളകൾ മുതലായ ഗൗരവപ്പെട്ട സംഭവങ്ങളുടെ വാർത്ത പത്രക്കാരന്റെ ചെവിക്ക്, പോർക്കളത്തിലേക്കു പുറപ്പെടേണ്ടതിന്നായി ഭടന്റെ ചെവികൾക്കുള്ളിൽ തറയ്ക്കുന്ന കാഹളധ്വനിയായിത്തീരുന്നു. അവൻ തന്റെ വീട്ടിൽ കളത്രപുത്രാദികളൊരുമിച്ച് രാവിലെ ആഹാരം കഴിച്ചുകൊണ്ട് ഉല്ലസിച്ചിരിക്കവേയാണ് ഒരു മഹാലഹളയുടെ ആരംഭത്തെപ്പറ്റി കർണ്ണാകർണ്ണികയാ അറിയുന്നത് എന്നു വിചാരിക്കുക. കർത്തവ്യകർമ്മത്തിൽ നിഷ്ഠയുള്ള പത്രക്കാരൻ ഉടൻ ഭക്ഷണം മതിയാക്കി എണീറ്റ്, തന്റെ ഉപകരണങ്ങളുമെടുത്ത്, ഒരുങ്ങിയിറങ്ങി ലഹളസ്ഥലത്തെക്കു പാഞ്ഞെത്തുന്നു. അവിടെ എത്തുമ്പോഴേക്കും പോലീസുകാർ, പട്ടാളക്കാർ എന്നിവർ നാലുപാടും വളഞ്ഞ് പുറമെനിന്ന് ആരെയും അകത്തേക്കു വിടുന്നില്ല. ചുറ്റും ആൾക്കൂട്ടം വർദ്ധിക്കുന്നു. പത്രക്കാരൻ അകത്തു കടക്കാൻ സൗകര്യം കിട്ടാഞ്ഞ് അങ്ങുമിങ്ങും പോയി മുട്ടുന്നു. ലഹളസ്ഥലത്തുനിന്നു, ഒരു കെട്ടിടത്തിലെ മേല്പുരകത്തി പുകപൊങ്ങുന്നത് അവൻ കാണുന്നു. അവൻ എത്ര മനഃക്ലേശത്തോടുകൂടിയാണ് ഇത് നോക്കിനിൽക്കുന്നതെന്നു മറ്റുള്ളവർ അറിയുന്നില്ല. പത്രക്കാരനെന്നു