ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14 ശതമുഖരാമായണം


പൂൎണ്ണമായ്‌വന്നു ഭുവനമെല്ലാടവും.
അഥ ഝടിതി ദശരഥനൃപാത്മജന്മാരുമി-
ങ്ങത്രയുണ്ടായിതസുരരോളം തദാ.
പവനതനയനുമമിതയോഗമായാബലം
പശ്യ ശതമുഖന്മാരെയൊടുക്കിനാൻ.
ശതവദനഗണവുമുരുരഘുപതികദംബവും
ശത്രുഭാവേന യുദ്ധംചെയ്തിതേറ്റവും.
ശതവദനരുധിരഗണജാതദൈത്യൗഘവും
ശക്തിയോടേ പൊരുതീടിനാർ പിന്നെയും
തിഭുവനവുമസുരവരമയമഖിലമെന്തിദം
ധീരതയോടൊടുക്കാവതുമെങ്ങനെ?
കമലഭവമധുമഥനപശുപതിമുഖാസ്ത്രങ്ങൾ
കാകുൽസ്ഥനും പ്രയോഗിച്ചാൻ ബഹുവിധം.
അതിനവനുമവയവ കളഞ്ഞു മാറ്റങ്ങളാ-
ലത്ഭുതമായ്‌വന്നിതായോധനോത്സവം.
പവനസുതനമിതബലവേഗേന സംഗരേ
പാദഹസ്തപ്രഹാരേണ കൊന്നീടിനാൻ.
ഭരതനതുപൊഴുതിലനുജന്മാരുമായ്‌വന്നു
പാരവശ്യംതീൎന്നു യുദ്ധം തുടങ്ങീടിനാൻ.
നരപതിയുമസുരകുലപതിയുമതിരോഷേണ
നന്നായ്പൊരുതാരൊരുഭേദമെന്നിയെ.
 നിഖിലനിശിചരശമനകരനഖിലനായകൻ
നിന്നു പരിശ്രാന്തനായ് സമരാങ്കണേ
കമലദലനയനനഥ ജനകമകൾതന്നുടെ
കൈയിൽകൊടുത്തിതു കാർമ്മുകവും തദാ.
മിഥിലനൃപസുതയുമഥവാങ്ങിനാൾ ചാപവും
മെന്മതകും ബാണജാലവും തൂണിയും.
നിജരമണനികടഭുവി ജനകസുതയും തദാ
നിന്നു ജയലക്ഷ്മിയെന്നപോലെ മുദാ.
രഘുപതിയുമതുപൊഴുതു മൃദുഹസിതപൂൎവ്വകം
രമ്യാംഗിമാനസംകണ്ടരുളിചെയ്തു.
"ദശവദനമതിചതുരമുരുഭയദസംഗരേ
ദണ്ഡമൊഴിഞ്ഞു ഞാൻ കൊന്നേൻ പ്രിയതമേ;

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/14&oldid=174372" എന്ന താളിൽനിന്ന് ശേഖരിച്ചത്