ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22

ശതമുഖരാമായണം

താരേശകലാചൂഡനാകിയ പരമേശൻ
ഷോഡശാദ്യുപചാരപൂർവ്വകം പൂജിച്ചുട-
നൂഢകൗതുകം ധരിച്ചീടിനാൻ പാദോദകം
ഭക്തികൈക്കൊണ്ടു പാദതീർത്ഥമെത്രയും പുണ്യ-
മുത്തമാംഗേനേ ധരിച്ചഭിവാദ്യവും ചെയ്തു
ചിന്തിച്ചു പൂർവോക്തമാം ഭഗവദ്രൂപമീശ-
നന്തരാത്മനി പുനരറിഞ്ഞു ഭഗവാനും.
 അന്നേരം പ്രസാദിച്ചു ശങ്കരപ്രീത്യർത്ഥമായ്
തന്നുടേ വിശ്വരൂപം കാട്ടിനാൻ മുകുന്ദനും
അദ്രിനന്ദനയോടും നന്ദനന്മാരും വീര-
ഭദ്രനന്ദീശഘണ്ടാകർണ്ണാദിഭൂതങ്ങളും
ലക്ഷ്മണൻ ഭരതനും ശത്രുഘ്നൻ വിഭീഷണ-
നർക്കജൻ മരുൽസുതനിത്യാദി ഭക്തന്മാർക്കു
നിത്യാനുഗ്രഹത്തിനായ് രാഘവൻ തിരുവടി
തത്വകാരണമായ വിശ്വരൂപം കാട്ടിനാൻ
പർവതങ്ങളും ശിലാജാലവും വൃക്ഷങ്ങളു-
മൂർവിയും ദിക്കുകളും നക്ഷത്രഗണങ്ങളും
സപ്തദ്വീപങ്ങളോടു സപ്തസാഗരങ്ങളും
സപ്തലോകദ്വന്ദ്വവും സപ്തമാമുനികളും
പുണ്യാരണ്യങ്ങൾ മൃഗപക്ഷികൾ നാഗങ്ങളും
പുണ്യവീഥികളോടു രാജ്യങ്ങൾ ദേശങ്ങളും
ആകാശചാരികൾ ഗന്ധർവ്വയക്ഷാദികളും
പാകശാസനമുഖ്യന്മാരായ ദേവകളും
ആദിത്യന്മാരും ദുദ്രാദികളും വസുക്കളും
വേദാദിവിദ്യകളും താപസസമൂഹവും
പാഞ്ചരാത്രാദികളാമാഗമഭേദങ്ങളും
പാഞ്ചജന്യാദികളാം വാദിത്രഗണങ്ങളും
വൈനതേയാദികളും കാദ്രവേയാദികളും
മാനസാദികൾ സരോവരങ്ങൽ നദികളും
അഷ്ടാംഗയോഗങ്ങളുമഷ്ടൈശ്വര്യാദികളു-
മഷ്ടാംഗബ്രഹ്മചര്യാദികളാം വ്രതങ്ങളും
അഷ്ടരാഗങ്ങളോടുമധർമ്മാസത്വാദിയും
വൈഖാനസാദി മുനിവൃന്ദവും കർമ്മങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/22&oldid=174381" എന്ന താളിൽനിന്ന് ശേഖരിച്ചത്