ചെന്നു ശാകദ്വിപവാസം ശതമുഖം
കൊന്നു വിരവിനോടിങ്ങെഴുന്നള്ളുക.
വന്നു മമ സ്കന്ധമേറുവിനേവരും;
മന്നവർമന്നവനായ മഹീപതേ!"
ഇത്ഥം സദാഗതിപുത്രവാക്യംകേട്ടു
ചിത്തം തെളിഞ്ഞു കാകുൽസ്ഥൻതിരുവടി
മന്ദേതരം മഹാപ്രസ്ഥാനമാരഭ്യ
മന്ദസ്മിതംചെയ്തിവണ്ണമരുൾചെയ്തു.
"വീരരെ! നേരേ ഭയാകുലമെന്നിയേ
മാരുതിവീരനുപരി കരേറുവിൻ."
എന്നതുകേട്ടൊരു വമ്പടയൊക്കവേ
ചെന്നുടൻ മാരുതിപൃഷ്ഠമേറീടിനാർ -
ആനതേർ കാലാൾ കുതിരപ്പടയുമായ്
മാനവവീരരും വാനരവീരരും
മാനമേറീടുന്ന കൌണപവീരരും
മാനവശ്രേഷ്ഠസഹോദരവീരരും
ജാനകീദേവിയും ശ്രീരാമദേവനും
വാനരേന്ദ്രോപരി ചെന്നുകരേറിനാർ.
മെല്ലവേ പൊങ്ങിനാൻ മാരുതി വാരിധി -
കല്ലോലജാലങ്ങൾ കണ്ടുകണ്ടാദരാൽ
ക്ഷാരസമുദ്രവും ശൎക്കരയബ്‌ധിയും
ഘോരസുരാബ്‌ധിയുമാജ്യസമുദ്രവും
ജംബുദ്വീപം പ്ലക്ഷദ്വീപം കുശദ്വീപം
സംബാധിതക്രൌഞ്ചദ്വീപവുമെന്നിവ.
പിന്നീടുചെന്നു ശാകദ്വീപമുൾപുക്കു
നിന്നനേരം ദധിസാഗരവും കണ്ടു.
വന്നോരു വിസ്മയം പൂണ്ടു മഹാബല-
രന്യോന്യമാലാപവും ചെയ്തിതങ്ങനെ.
നന്നുനന്നഞ്ജനാനന്ദനനെന്നിദം
നന്ദിച്ചു വിശ്രമിച്ചീടിനാരേവരും.
കണ്ടാൽ മനോഹരമായ മായാപുരം
കണ്ടു ശതാനനപാലിതമത്ഭുതം
നന്ദനംനിന്ദിക്കുമുദ്യാനദേശമാ-