മലഹരൻ ദുദ്ധജലധിശായിയാ-
മളിവർണ്ണൻ പെറ്റ തിരുമകൻ,
പുലിയെക്കൊ,ണ്ടാപ്പുരിയിലോരോരോ
കളി കളിപ്പിപ്പു- ഭഗവാനേ! 51
(ശരണമയ്യപ്പാ)
വിരുതൻ മന്ത്രിതൻ കരളിൻ സ്വാദെന്തെ-
ന്നറിവതിന്നാദ്യമതുതന്നെ
കറുകറെച്ചവച്ചലറിത്തുപ്പുന്നു
വെറകൊണ്ടാപ്പുലി- ഭഗവാനേ ! 52
(ശരണമയ്യപ്പാ)
വിരികണ്ണോടുമാ വിളയാട്ടം കാണ്മാൻ
തെരവിൽക്കൂടിയ പുരുഷാരം
തെരുതെരെപ്പുലി,ക്കുയിരാൽ നൽകുന്നു
തിരുവോണസ്സദ്യ- ഭഗവാനേ! 53
(ശരണമയ്യപ്പാ)
നരകയാതനയനുഭവിക്കുന്ന
നരവരോത്തമരമണിയും
ശരണമെൻ വത്സ! ശരണമെന്നേറ്റം
മുറവിളിക്കുന്നു- ഭഗവാനേ! 54
(ശരണമയ്യപ്പാ)
നളിനനേർമിഴിക്കഭയമുളളഴി-
ഞ്ഞുലകിൻ നാഥനങ്ങുടനേകി
"കളി മതി; പോ നീ തിരിയെ" യെന്നീറ്റ -
പ്പുലിയൊടോതുന്നു- ഭഗവാനേ! 55
(ശരണമയ്യപ്പാ)
മണികണ്ഠൻ വെറും മനുജനല്ലെന്നു
നിനവു കൈവന്നു നിഖിലരും
കനിവു തേടുവാനവിടത്തേക്കഴൽ
പണിയുന്നു മേന്മേൽ - ഭഗവാനേ! 56
(ശരണമയ്യപ്പാ)
അപരമേറെയുണ്ടിനിയും താവക -
മപദാനം; നവമതിചിത്രം;
കൃപണരാം ഞങ്ങൾക്കവയെ വർണ്ണിപ്പാൻ
വിഭവമില്ലല്ലോ- ഭഗവാനേ! 57
(ശരണമയ്യപ്പാ)
മൃദിതപാഷണ്ഡനവിടുന്നപ്പുറം
മധുരമാകുമീ മലനാട്ടിൽ
സ്വതനു പഞ്ചധാ പരിലസിപ്പിച്ചു
മുദിതനായ് വാഴ്‌വൂ - ഭഗവാനേ! 58
(ശരണമയ്യപ്പാ)
താൾ:ശരണോപഹാരം.djvu/11
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു