ശുഭമുപോത്തമമവിടുന്നാശ്രമ-
മഭിമതം കൈക്കൊ,ണ്ടലിവോടെ
ശബരിമാമല മുകളിൽ മിന്നുന്നു
സപരിവാരനായ് - ഭഗവാനേ! 59
(ശരണമയ്യപ്പാ)
സപദി കത്തിച്ച മകരദീപത്തിൻ
പ്രഭയിൽ സ്വാമിതൻ തിരുമേനി
ശബരിയാംഗിരി കയറിക്കണ്ടവ-
രപുനസ്സംഭവർ - ഭഗവാനേ! 60
(ശരണമയ്യപ്പാ)
അവിടെ ഞങ്ങൾക്കാശ്ശുഭമുഹൂർത്തത്തി-
ലവനതരായ് വന്നണയണം;
സവിധത്തിൽക്കടന്നടിമലർകൂപ്പി-
ബ്‌ഭവികം നേടണം- ഭഗവാനേ! 61
(ശരണമയ്യപ്പാ)
അതിനു മാലയിട്ടടിയങ്ങൾ ദീർഘ-
വ്രതവും ദീക്ഷിച്ചമരുവുന്നു;
വിധിവത്തായതു നിറവേറാൻ ഭവാൻ
സദയനാകണേ - ഭഗവാനേ! 62
(ശരണമയ്യപ്പാ)
ഭജനലോലരാമടിയങ്ങൾ ചാർത്തും
വൃജിനഹീനമിഗ്ഗളദാമം
വിജയലക്ഷ്‌മിതൻ വരണമാല്യമാ-
യജിത! തീരണേ - ഭഗവാനേ! 63
(ശരണമയ്യപ്പാ)
ശരണം സ്വാമിയേ! ശരണം ശാസ്താവേ!
ശരണമത്ഭുതമഹിമാവേ!
ശരണമില്ലൊന്നുമടിയങ്ങൾക്കങ്ങേ-
ച്ചരണമല്ലാതെ- ഭഗവാനേ! 64
(ശരണമയ്യപ്പാ)
പെരുമാറ്റത്തിന്റെ പിശകിനാലെന്നും
ദുരിതം തേടിന രസനകൾ
പരമാപ്പാപത്തിൻ പരിഹാരത്തിന്നു
ശരണം ചൊല്ലട്ടേ- ഭഗവാനേ! 65
(ശരണമയ്യപ്പാ)
ഹൃദയശുദ്ധിതൻ തണലിൽ മണ്ഡല-
വ്രതവിധിയെല്ലാം നിറവേറ്റി
ധൃതിയൊടും ഞങ്ങൾ മലയിലേക്കുള്ള
ഗതി തുടങ്ങുന്നു- ഭഗവാനേ! 66
(ശരണമയ്യപ്പാ)
താൾ:ശരണോപഹാരം.djvu/12
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു